ദമ്പതികളായ രണ്ടു ടെക്കികളെ മദ്യലഹരിയിൽ അലക്ഷ്യമായി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഉപന്യാസമെഴുതി നേടിയ ജാമ്യം റദ്ദാക്കി. പൊലീസിന്റെ ആവശ്യത്തിന് പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രതിയുടെ ജാമ്യം റദ്ദാക്കി, ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ജൂൺ അഞ്ചുവരെയാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. നേരത്ത കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു.
കോടികൾ വിലയുള്ള പോർഷെ കാർ ഓടിച്ച് കയറ്റിയാണ് ഇയാൾ രണ്ടുപേരെ കൊലപ്പെടുത്തിയത്. കാറിന്റെ ഉടമയായ പിതാവിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. പൂനെയിലെ കല്യാണി നഗറിലായിരുന്നു അതി ദാരുണമായ സംഭവം.
പ്രാദേശിക കോടതിയാണ് കുറ്റം ജാമ്യം നിഷേധിക്കാൻ തക്ക ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയത്. റോഡ് അപകടങ്ങളുടെ ഫലങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ 300 വാക്കിന്റെ ഉപന്യാസം എഴുതിപ്പിച്ച ശേഷമാണ് ജാമ്യം നൽകിയത്.
ഹീനമായ കുറ്റകൃത്യമായതിനാൽ ഇയാളെ പ്രായപൂർത്തിയായ നിലയിൽ വിചാരണ ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കാർ ഒരുമാസമായി നമ്പർ പ്ലേറ്റ് ഇല്ലാതെയായിരുന്നു ഓടിയിരുന്നത്. 17-കാരൻ മദ്യലഹരിയിലെന്ന പൊലീസ് റിപ്പോർട്ടുമുണ്ട്.