ലക്നൗ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ സിദ്ദിഖി അറസ്റ്റിൽ. വ്യാജരേഖ ചമച്ചയുമായി ബന്ധപ്പെട്ട് യുപി മുസാഫർനഗർ പൊലീസ്
രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ജില്ലാ മജിസ്ട്രേറ്റാണ് പരാതി നൽകിയത്.
അയാസുദ്ദീൻ ജില്ലാ മജിസ്ട്രേറ്റ് കോടതിയുടെ കത്ത് വ്യാജമായി നിർമ്മിച്ച് സർക്കാർ വകുപ്പുകൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. ജാവേദ് ഇഖ്ബാൽ എന്ന വ്യക്തിയുമായി നിലനിന്നിരുന്ന കൃഷിഭൂമി തർക്കവുമായി ബന്ധപ്പെട്ട ഉത്തരവായിരുന്നു ഇത്. കൂടുതൽ പരിശോധനയിൽ കോടതി ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് പരാതി നൽകുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 471 വകുപ്പുകൾ പ്രകാരം അയാസുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
നവാസുദ്ദീൻ സിദ്ദിഖിയുടെ സഹോദരൻ കേസിൽപ്പെടുന്നത് ഇതാദ്യമായല്ല. 2018ൽ അയാസുദ്ദീൻ മതവികാരം വ്രണപ്പെടുത്തുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വിവാദമായിരുന്നു.