കണ്ണൂർ: വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകർ വീടിന്റെ മതിലും ഗേറ്റും പൊളിച്ചെന്ന് പരാതി. കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.
മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുള്ള റോഡരികിലാണ് ഹാജിറയുടെ വീട്. റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിനായി സ്ഥലം വിട്ടു നൽകിയത് കുറഞ്ഞ് പോയെന്ന് ആരോപിച്ചാണ് മതിൽ പൊളിച്ചത്. മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. കമ്പി കൊണ്ട് വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കിയായിരുന്നു ക്രൂരത.
കഴിഞ്ഞ രാത്രിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ശബ്ദം കേട്ടാണ് കുടുംബം ഉണർന്നത്. എന്നാൽ പുറത്തേക്ക് ഇറങ്ങാൻ കുടുബാംഗങ്ങൾക്ക് കഴിഞ്ഞില്ല. വീട്ടിലെ മൂന്ന് ഗ്രില്ലുകൾ കമ്പി കഷ്ണം കൊണ്ട് പൂട്ടിയ നിലയിലായിരുന്നു. കിണറിന് മുകളിലുള്ള ഗ്രില്ലുകൾ വരെ തകർത്ത നിലയിലാണെന്നും പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഹാജിറ പറഞ്ഞു.