കോട്ടയത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; മുട്ട, ഇറച്ചി വിൽപനയ്‌ക്ക് നിരോധനം

Published by
Janam Web Desk

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച്5 എൻ1 ആണ് സ്ഥിരീകരിച്ചത്. കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 ആണെന്ന് കണ്ടെത്തിയത്. ഇതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങൾ പക്ഷിപ്പനി ബാധിത മേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

ഒമ്പതിനായിരം കോഴികളാണ് കൂട്ടത്തോടെ ചത്തത്. ഇതോടെ പ്രദേശത്തിന്റെ ഒരുമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവ് ചെയ്യാനും അധികൃതർ നിർദേശം നൽകി. പ്രദേശത്ത് അണുനശീകരണം നടത്താനുള്ള നടപടിയും സ്വീകരിക്കും.

മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളുമാണ് പക്ഷിപ്പനി ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാർഡുകളിലെ കോഴി, താറാവ്, കാട തുടങ്ങിയ വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട തുടങ്ങിയ ഉത്പന്നങ്ങളുടെ വിൽപന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കണമെന്നും നിർദേശമുണ്ട്.

Share
Leave a Comment