അബുദബി: അബുദാബിയിലെ കലാ സാംസ്കാരിക കൂട്ടായ്മയായ നൊസ്റ്റാൾജിയ യുഎഇയിലെ സ്കൂൾ കുട്ടികൾക്കായി ഡ്രോയിങ് – പെയിന്റിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. റിഫ്ലക്ഷൻസ് എന്ന പേരിൽ നടന്ന പരിപാടിയിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 1500 ലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
ചിത്രരചനയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായിട്ടാണ് നൊസ്റ്റാൾജിയ അബുദാബി യുഎഇ യിലെ സ്കൂൾ കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചത്. മുസ്സഫ കാപ്പിറ്റൽ മാളിൽ നടന്ന മത്സരത്തിൽ 18 വയസിൽ താഴെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടന്നത്.
നിറം കൊടുക്കൽ, കൈയെഴുത്ത്, കാലിഗ്രാഫി, ചിത്രരചന എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ബാല്യങ്ങളുടെ ഗൃഹാതുരത്വം, പരിസ്ഥിതി, പ്രകൃതി ദുരന്തം, വികസനം, തുടങ്ങി ഹൈടെക് സാങ്കേതിക വിദ്യ വരെ ചിത്രങ്ങൾക്കു വിഷയമായി.
ഇന്ത്യ-യുഎഇ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന രചനകളും ഉണ്ടായിരുന്നു. മെന്റലിസ്റ്റ് അനന്തുവിന്റെ ലൈവ്ഷോയും സംഗീത പരിപാടികളും അരങ്ങേറി. നൊസ്റ്റാൾജിയ ഭാരവാഹികളായ നാസർ ആലംകോട്, ശ്രീഹരി, അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, മനോജ് ബാലകൃഷ്ണൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.