തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ഒഴികെ ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് മാസത്തിൽ ലഭിക്കേണ്ട വേനൽമഴയെക്കാൾ അധികം ഇത്തവണ കേരളത്തിൽ മഴ ലഭിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടലിലേക്കുള്ള വിനോദസഞ്ചാരങ്ങൾ പൂർണമായി നിർത്തിവയ്ക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.