ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് തീർത്ഥാടകരുമായി വരികയായിരുന്ന ഹെലികോപ്ടർ ലാൻഡിംഗിനിടെ നിയന്ത്രണം വിട്ടു. ഹെലിപാഡിലേക്ക് ഇറങ്ങാൻ 100 മീറ്റർ മാത്രമുളളപ്പോഴായിരുന്നു അപ്രതീക്ഷിതമായി അന്തരീക്ഷത്തിൽ വെച്ച് നിയന്ത്രണം തെറ്റിയത്. വട്ടം കറങ്ങിയ ഹെലികോപ്ടർ ഹെലിപാഡിന് തൊട്ടടുത്ത് ആഴമുളള സ്ഥലത്തേക്ക് പതിക്കുകയായിരുന്നു.
ഹെലിപാഡിൽ നിന്നും 100 മീറ്റർ അകലെയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഇതിനിടയിൽ ഹെലികോപ്റ്ററിന്റെ പിൻഭാഗം നിലത്തിടിച്ച് തകരുകയും ചെയ്തു. ആറ് തീർത്ഥാടകരും പൈലറ്റുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഹെലികോപ്ടർ വട്ടം കറങ്ങിയതോടെ ഹെലിപാഡിന് സമീപം നിന്നവരും പരിഭ്രാന്തരായി ഓടി മാറി. രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം
അപകടകാരണം സാ്‌ങ്കേതിക തകരാർ ആണോയെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് ആണ് നടത്തിയതെന്നും സമചിത്തത കൈവിടാതെ സാഹചര്യം കൈകാര്യം ചെയ്ത പൈലറ്റിനെ അഭിനന്ദിക്കുന്നതായും രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. സൗരഭ് ഗഹർവാർ പറഞ്ഞു