ബൗളർമാർ നൽകിയ പ്രതീക്ഷ ബാറ്റർമാർ തല്ലിക്കെടുത്തി,പ്ലേ ഓഫിൽ നാണംകെട്ട് രാജസ്ഥാൻ; കമ്മിൻസിന്റെ ഹൈദരാബാദ് ഫൈനലിൽ

Published by
Janam Web Desk

ബൗളർമാർ നൽകിയ പ്രതീക്ഷ ബാറ്റർമാർ തല്ലിക്കെടുത്തിയപ്പോൾ രാജസ്ഥാന് നിരാശയോടെ മടക്കം. 36 റൺസിനാണ് പാറ്റ് കമ്മിൻസ് നയിച്ച ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. അർദ്ധ സെഞ്ച്വറിയുമായി പൊരുതിയ ധ്രുവ് ജുറേലാണ് രാജസ്ഥാനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ ആദ്യ ഇന്നിംഗ്‌സിൽ രാജസ്ഥാൻ ബൗളർമാർ വരിഞ്ഞ് മുറുക്കിയെങ്കിൽ അതേ നാണയത്തിലായിരുന്നു ഹൈദരാബാദിന്റെ മറുപടിയും. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും എതിരാളികൾ. സ്‌കോർ: ഹൈദരാബാദ്: 175/9 , രാജസ്ഥാൻ 139/7

ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും ടോം കോലറിനും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്‌കോർ ബോർഡിൽ 24 തികയുമ്പോഴേക്കും താളം കണ്ടെത്താനാവാതെ കോലർ(10) വീണു. കമ്മിൻസാണ് ആദ്യ പ്രഹരം നൽകിയത്. വൺഡൗണായി ക്രീസിലെത്തിയ നായകൻ സഞ്ജുവും ഹൈദരാബാദ് ബൗളർമാർക്ക് മുന്നിൽ പകച്ചു. ഇതിനിടെ ഷഹബാസ് അഹമ്മദ് യശസ്വിയെ(42) അബ്ദുൾ സമദിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ അഭിഷേക് ശർമ്മ സഞ്ജുവിനെയും വീഴ്‌ത്തി. ഇതോടെ രാജസ്ഥാൻ വിയർത്തു. നിർണായക മത്സരത്തിൽ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയാതെ പോയതാണ് സഞ്ജുവിന് വെല്ലുവിളിയായത്.

സീസണിൽ തകർത്താടിയ റിയാൻ പരാഗും 6 റൺസുമായി മടങ്ങിയതോടെ രാജസ്ഥാൻ തോൽവി മണത്തു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും നിലയുറപ്പിക്കാൻ ബാറ്റർമാർ മറന്നു. ധ്രുവ് ജുറേലിന്(56) മാത്രമാണ് രാജസ്ഥാൻ നിരയിൽ പിടിച്ചുനിൽക്കാനായത്. 26 പന്തിൽ നിന്ന് താരം അർദ്ധശതകം പൂർത്തിയാക്കി. എഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. രവിചന്ദ്രൻ അശ്വിൻ(0), ഷിമ്‌റോൺ ഹെറ്റ്‌മെയർ(4), റോവ്മാൻ പവൽ(6) എന്നിവരാണ് റോയൽസ് നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. ഷഹബാസ് അഹ്‌മ്മദ് മൂന്ന് വിക്കറ്റുമായി തിളങ്ങി. അഭിഷേക് ശർമ്മ രണ്ട് വിക്കറ്റ് വീതവും പാറ്റ് കമ്മിൻസ്, ടി നടരാജൻ, എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Share
Leave a Comment