ജമ്മു കശ്മീർ: പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് വോട്ടെടുപ്പ് ദിനത്തിൽ ജമ്മു കശ്മീർ പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയുടെ പ്രതിഷേധ നാടകം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. പാർട്ടി പ്രവർത്തകരോടൊപ്പം റോഡിൽ ഇരുന്നാണ് പ്രതിഷേധം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അനന്തനാഗ്- രജൗരി മണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥിയാണ് മെഹ്ബൂബ.
എന്നാൽ മെഹ്ബൂബയുടേത് പൊള്ളയായ ആരോപണങ്ങളാണെന്ന് പൊലീസ് നൽകിയ വിശദീകരണത്തിൽ നിന്നും വ്യക്തമാണ്. വളരെ ചുരുക്കം പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവരെല്ലാം മുൻപും ആക്രമണ സംഭവങ്ങളിൽ പങ്കാളികളായിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. വോട്ടെടുപ്പ് ദിവസം ഇവർ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് രഹസ്യവിവരം കിട്ടിയതിനെത്തുടർന്നാണ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചിരിക്കുന്നതെന്നും അനന്തനാഗ് പൊലീസ് പറഞ്ഞു.
പിഡിപി അടക്കമുള്ള കാശ്മീരി പാർട്ടികൾക്ക് ഈ തെരഞ്ഞെടുപ്പ് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. പരാജയ ഭീതിയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതിഷേധ നാടകത്തിന് പിന്നിലെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് പാർട്ടിയുടെ ഹസ്നൈൻ മസൂദി മെഹ്ബൂബയെ 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടക്കുന്നത്.