തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം. ഇടുക്കി, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 27,28 തീയതികളിൽ ആലപ്പുഴ, എറണാകുളം ജില്ലകളിലും 29-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലെർട്ടും പ്രഖ്യാപിച്ചു.
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് രാത്രിയോടെ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
രാത്രിയോടെ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് നാളെ രാവിലെ വീണ്ടും തീവ്രചുഴലിക്കാറ്റായി മാറും. ഇത് അർദ്ധരാത്രിയോടെ ബംഗ്ലാദേശ്- പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.