തൃശൂർ: കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാത്രിയോടെ മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ച ശേഷം രാവിലെ എട്ടുമണിയ്ക്ക് ചാലക്കുടി പാലസ് റോഡിലെ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും. രാവിലെ 11 മണിക്ക് സെന്റ്മേരീസ് ഫോറോന ദേവാലയത്തിലെ സെമിത്തേരിയിലാണ് സംസ്കാരം.
അതേസമയം പ്രതിയും ഡോണയുടെ ഭർത്താവുമായ ലാൽ പൗലോസ് ഇപ്പോഴും ഒളിവിലാണ്. ലാലിനായി കേരള പൊലീസും കാനഡ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഡൽഹിയിലേക്ക് വന്നതായി വിവരം ഉണ്ടായിരുന്നെങ്കിലും പിന്നീട് കണ്ടെത്താനായില്ല.
കഴിഞ്ഞ മേയ് 7നാണ് കാനഡയിലെ വീട്ടിൽ ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടുവർഷമായി ഇരുവരും കാനഡയിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങളായി വീട് പൂട്ടി കിടക്കുന്നത് കണ്ട് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് ഭർത്താവ് ലാലിനായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചത്.