ഇന്നത്തെ ഐപിഎൽ ഫൈനലിന് രസം കൊല്ലിയായി മഴയെത്തുമോ എന്ന ഭീതിയിലാണ് ആരാധകർ. ചെപ്പോക്കിൽ മഴ ഭീഷണിയുണ്ടെങ്കിലും കലാശപോരിന് റിസർവ് ഡേയുണ്ട്. ഇന്നലെ കൊൽക്കത്തയുടെ പരിശീലനം തടസപ്പെടുത്തി മഴ തിമിർത്ത് പെയ്തിരുന്നു. അതേസമയം ഇന്ന് ചെന്നൈയിലെ പിച്ച് ബാറ്റിംഗിന് അനുകൂലമായിരിക്കുമെന്നാണ് സൂചനകൾ. ഇരു ടീമുകളും വലിയ മാറ്റം വരുത്താൻ സാധ്യതയില്ല. ആദ്യ ക്വാളിഫയറിൽ ഹൈദരാബാദിനെതിരെ നേടിയ ആധികാരിക വിജയം ആവർത്തിക്കുക ഒരു പക്ഷേ കൊൽക്കത്തയ്‌ക്ക് ഇന്ന് കടുപ്പമാകും.
ഹൈദരാബാദിനെ സംബന്ധിച്ച് ഇത് വമ്പൻ തിരിച്ചുവരവിന്റെ യാത്രയാണ്. 2021 ൽ പോയിൻ്റ് ടേബിളിൽ ഏറ്റവും അവസാനത്തായിരുന്ന അവർ 22ൽ എട്ടാം സ്ഥാനത്തെത്തി. എന്നാൽ 2023 ലും അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ ഇത്തവണ ഓസ്ട്രേലിയക്കാരൻ പാറ്റ് കമ്മിൻസ് ഹൈദരാബാദിന്റെ തലവര മാറ്റി. 2021ലാണ് കൊൽക്കത്ത ഒടുവിൽ ഫൈനിലിലെത്തിയത്. അന്ന് പക്ഷേ ചെന്നൈക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. എന്നാൽ ഇന്ന് ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമാണ് കൊൽക്കത്ത ശ്രേയസ് അയ്യറുടെ നായകത്വത്തിൽ ആധികാരികമായാണ് കലാശ പോരിന് അവർ യോഗ്യത നേടിയത്.
ഇന്നും വിന്നിംഗ് കോമ്പിനേഷനിൽ കൊൽക്കത്ത മാറ്റം വരുത്തിയേക്കില്ല. നിതീഷ് റാണയോ വൈഭവ് അറോറയോ ഇമ്പാക്ട് പ്ലെയറാകും.ഹൈദരാബാദിന്റെ കാര്യത്തിൽ രാജസ്ഥാനെതിരെയുള്ള പ്ലേയിംഗ് ഇലവനെ നിലനിർത്തുമോ എന്നുള്ള കാര്യം സംശയമാണ്. ഷഹബാസ് അഹമ്മദാകും ഇമ്പാക്ട് പ്ലേയറാവുക.കെകെആർ ബൗളർമാർ നല്ല ഫോമിലാണ്. കഴിഞ്ഞ അഞ്ചു മത്സരത്തിൽ നിന്ന് 47 വിക്കറ്റുകളാണ് അവർ വീഴ്‌ത്തിയത്. ടി20 ലോകകപ്പ് അടുത്തതോടെ ഓസ്ട്രേലിയൻ അതിവേഗക്കാരൻ മിച്ചൽ സ്റ്റാർക്ക് മിന്നും ഫോമിലാണ്.