ലക്‌നൗ: മാഫിയകളുടെയും ഭീകരവാദികളുടെയും പിടിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഭീകരവാദത്തിന് തടയിടാൻ ബിജെപിക്ക് സാധിച്ചുവെന്നും തോക്കുകളുണ്ടാക്കിയിരുന്ന ഉത്തർപ്രദേശ് ഇന്ന് ബ്രഹ്‌മോസ് മിസൈലുകൾ നിർമിക്കുന്ന ആസ്ഥാനമായി പ്രവർത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ബല്ലിയയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” മാഫിയകളുടെ കൈകളിൽ നിന്ന് പൂർവാഞ്ചലിനെ മോചിപ്പിക്കാനുള്ള നടപടികൾ ബിജെപി സ്വീകരിച്ചു വരികയാണ്. ഇതിനായി സർക്കാരും പൊലീസും അഹോരാത്രം പ്രയത്‌നിക്കുന്നു. ഒരു കാലത്ത് ഉത്തർപ്രദേശ് മാഫിയകളുടെ താവളമായിരുന്നു. തോക്കുകളും ബോംബുകളുമുൾപ്പെടെ മാരകായുധങ്ങൾ നിർമിക്കുന്നതിനായാണ് ആളുകൾ ഉത്തർപ്രദേശിലേക്ക് എത്തിയിരുന്നത്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ മാഫിയകളെ തുരത്തിയോടിച്ചു”.- അമിത് ഷാ പറഞ്ഞു.
ഇന്ന് നഗരം മാഫിയകളുടെ കയ്യിലല്ല. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകൾ നിർമിക്കുന്ന ആസ്ഥാനമായി ഉത്തർപ്രദേശ് പ്രവർത്തിക്കുന്നു. പീരങ്കികൾ ഇവിടെ നിന്നും നിർമിച്ചെടുക്കുന്നു. മാറ്റങ്ങളുടെ പുതു ലോകമാണ് ജനങ്ങൾക്ക് മുന്നിൽ ബിജെപി തുറന്നിട്ടിരിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഭീകരവാദം അവസാനിപ്പിക്കാൻ മുമ്പുണ്ടായിരുന്ന ഒരു പാർട്ടിക്കും സാധിച്ചില്ല. ഇന്ന് ഭീകരവാദത്തിന് കടിഞ്ഞാൺ വീണിരിക്കുന്നു. പ്രത്യാക്രമണങ്ങൾ നടത്താൻ ഭാരതം തയ്യാറായിരിക്കുന്നു. യുദ്ധത്തിന്റെ സാഹചര്യമുണ്ടായാൽ ഉത്തർപ്രദേശിൽ നിർമിക്കുന്ന പീരങ്കികളും ബ്രഹ്‌മോസ് മിസൈലുകളും പാകിസ്താന് തക്കതായ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു. അറവുശാലകൾക്ക് പകരം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.















