ന്യൂഡൽഹി: അതി രൂക്ഷമായ ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ വെള്ളം പാഴാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ജൽ ബോർഡ്. ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അനാവശ്യമായി ജലം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 2000 രൂപ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
വാട്ടർ ടാങ്കുകൾ നിറഞ്ഞൊഴുകുന്ന സാഹചര്യം, കാർ, മറ്റ് ഇരുചക്ര വാഹനങ്ങൾ എന്നിവ കഴുകുന്നത്, വീട്ടാവശ്യത്തിനുള്ള ജലം നിർമ്മാണ പ്രവർത്തനങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തുടങ്ങി ജലം പാഴാക്കുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കും. ഇതിനായി 200 ടീമുകളെ തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലായി വിന്യസിക്കുമെന്ന് ബോർഡ് അറിയിച്ചു. രാവിലെ 8 മണിമുതൽ ഇവർ നിരീക്ഷണം ആരഭിക്കും. നിർമ്മാണ സ്ഥലങ്ങളിലോ വാണിജ്യ സ്ഥാപനങ്ങളിലോ ഉള്ള അനധികൃത വാട്ടർ കണക്ഷനുകൾ വിച്‌ഛേദിക്കാനും നിർദ്ദേശമുണ്ട്.















