സോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയൻ സൈന്യം. ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് മിസൈൽ തൊടുത്തുവെന്നാണ് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്.
ജപ്പാന്റെ കോസ്റ്റ്ഗാർഡും ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ജപ്പാൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. അതേസമയം ചാര ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ നീക്കം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന് പിന്നാലെ ഉപഗ്രഹം പൊട്ടിത്തെറിക്കുകയായിരുന്നു.
ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ അമേരിക്കയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. വിക്ഷേപണം പരാജയപ്പെട്ട വിവരവും ജപ്പാനാണ് ആദ്യം പുറത്ത് വിട്ടത്. വിക്ഷേപണത്തിന് പിന്നാലെ ഉപഗ്രഹം പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസും ജപ്പാനും ദക്ഷിണ കൊറിയയും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം നവംബറിൽ ആദ്യ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചുവെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അന്നും രംഗത്ത് എത്തിയിരുന്നു. ദക്ഷിണകൊറിയയുമായി ചേർന്നുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ചാര ഉപഗ്രഹം വിക്ഷേപിക്കാൻ ഉത്തര കൊറിയ തീരുമാനിക്കുന്നത്.