തിരുവനന്തപുരം: നമ്പർ വൺ കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി അതീവ ഗുരുതരം. മഴ കനത്തതോടെ തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ ചോർച്ച. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ ചോർന്നൊലിക്കുന്നതോടെ രോഗികൾ വലയുകയാണ്.
75 വർഷമായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൾട്ടി സ്പെഷ്യൽറ്റി ഒഴികെയുള്ള ഭൂരിപക്ഷം കെട്ടിടങ്ങളും കാലപ്പഴക്കം ഉള്ളവയാണ്. വാർഡുകളിൽ ഉൾപ്പടെ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണുള്ളത്. മേൽക്കൂര നനഞ്ഞ് താഴെയ്‌ക്ക് വീഴുന്ന വെള്ളം എടുക്കാൻ പാത്രം വരെയാണ് ആശുപത്രി വരാന്തയിൽ വച്ചിട്ടുള്ളത്. വെള്ളക്കെട്ടിനെ തുടർന്ന് കൊതുക്, ഈച്ച ശല്യവും വർദ്ധിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രി ഓപ്പറേഷൻ തിയേറ്ററിലെ സീലിംഗിന്റെ ഒരു ഭാഗം അടർന്ന് വീണിരുന്നു. രോഗികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഈ വർഷം ആദ്യം അത്യാഹിത വിഭാഗത്തിലും സീലിംഗ് ഇളകി വീണിരുന്നു. അന്ന് ഡോക്ടറും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പടെയുള്ളവർ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. എന്നാൽ വാർഡുകളിലോ മറ്റിടങ്ങളോ ചോർച്ചയില്ലെന്നും അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്നുമായിരുന്നു അധികൃതരുടെ വാദം. ഇതിനിടയിലാണ് മഴയെത്തി കഴിഞ്ഞ് കുട അന്വേഷിക്കുന്ന തരത്തിലുള്ള ആശുപത്രിയുടെ സമീപനം.
രോഗികൾ തിങ്ങി നിറയുന്ന സ്ഥിതിവിശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലുള്ളത്. പ്രതിദിനം 800 മുതൽ 1000 പേരോളമാണ് അത്യാഹിത വിഭാഗത്തിലെത്തുന്നത്. പല രോഗികൾക്കും കിടക്ക ലഭിക്കുന്നില്ല. അടിയന്തരമായി നടകത്തേണ്ട ശസ്ത്രക്രിയകൾ പോലും മൂന്നും നാലും ദിവസം വൈകുന്ന അവസ്ഥയാണ്.