മിമിക്രി രംഗത്ത് നിന്നും കഴിവുകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും സിനിമാരംഗത്തേക്ക് കടന്നുവന്നവരാണ് സംവിധായകൻ നാദിർഷയും നടൻ ദിലീപും എല്ലാം. നാദിർഷ സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഇപ്പോഴിതാ തന്റെ സിനിമകൾക്കെതിരെ ആസൂത്രിതമായ ആക്രമണം ഉണ്ടാകുന്നു എന്ന് തുറന്നു പറയുകയാണ് നാദിർഷ. കേശു ഈ വീടിന്റെ നാഥൻ പോലുള്ള സിനിമകൾ പരാജയമായിരുന്നു എന്ന് ഒരു വിഭാഗം പറഞ്ഞു പരത്തുന്നതായി സംവിധായകൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങളെപ്പറ്റി നാദിർഷ മനസ്സ് തുറന്നത്.
“കുറച്ച് നാളുകളായി എന്റെ സിനിമകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നുണ്ട്. പോസിറ്റീവായ കമന്റുകളും വരാറുണ്ട്. എന്നിരുന്നാലും സിനിമകൾക്ക് നേരെ കരുതി കൂട്ടിയുള്ള ആക്രമണമുണ്ടാകുന്നു. എന്നെ സപ്പോർട്ട് ചെയ്യാൻ ദിലിപ്, അവനെ സപ്പോർട്ട് ചെയ്യാൻ ഞാൻ. വേറെയാരും പിന്തുണ നൽകുന്നില്ല. എന്റെ സിനിമകളെല്ലാം പൊട്ടിയതാണ് എന്നാണ് മിക്ക കമന്റുകളും. ഏതാണ് എന്റെ പൊട്ടിയ സിനിമ. എന്റെ ഒരു സിനിമയും നിർമ്മാതാവിന് നഷ്ടം ഉണ്ടാക്കിയിട്ടില്ല, ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല”.
“അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക് റോഷനും മാത്രമല്ല എന്റെ മറ്റ് സിനിമകളും വിജയമായിരുന്നു. അതിന്റെ അർത്ഥം കുറവുകൾ ഇല്ലെന്നല്ല. കുറവുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നും നഷ്ടമായിരുന്നില്ല. മേരാ നാം ഷാജി പ്രൊഡ്യൂസർക്ക് നഷ്ടം വരുത്താത്ത ചിത്രമാണ്. ദിലീപിന്റെ ‘കേശു ഈ വീടിന്റെ നാഥൻ’ ഒ ടി ടി റിലീസ് ആയിരുന്നു. സത്യം പറയട്ടെ, ആ സിനിമ 30 കോടി രൂപയ്‌ക്കാണ് ഒ ടി ടി കച്ചവടം നടന്നത്. പിന്നെ ഈശോ, നാലു കോടി ചെലവുള്ള പടം 14 കോടിയാണ് ബിസിനസ് നടന്നത്. എന്നിട്ടും ഈ സിനിമകളെല്ലാം പരാജയമായിരുന്നു എന്നാണ് പ്രചാരണം. അതാണ് പറഞ്ഞത്, ഞങ്ങൾക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്”- നാദിർഷ പറഞ്ഞു.