ടീം ഇന്ത്യയുടെ പരിശീലന സൗകര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. കാന്റ്യാഗ് പാർക്കിലെ പിച്ചിലെ അതൃപ്തി ഐസിസിക്ക് മുന്നിൽ പരിശീലകൻ അറിയിച്ചെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. വേദിയിലെ ആറ് പിച്ചുകളിൽ മൂന്നെണ്ണത്തിൽ ഇന്ത്യൻ ടീം പരിശീലനം നടത്തി. പരിശീലന വീഡിയോ എക്‌സിലൂടെ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.
താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള നിലവാരമില്ലാത്ത പിച്ചാണിതെന്നും ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളിലും ടീം അതൃപ്തി രേഖപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഒരു ടീമും തങ്ങളെ അതൃപ്തി അറിയിച്ചിട്ടില്ലെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ബിസിസിഐ റിപ്പോർട്ട് ചെയ്യുന്നത്.
കാന്റ്യാഗ് പാർക്ക് ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലന വേദിയായി തുടരുന്നതിൽ താരങ്ങൾക്കും ആശങ്കയുണ്ട്. നാസൗ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തമായി പരിശീലന ഗ്രൗണ്ട് ഇല്ലാത്തതിനാലാണ് കാന്റ്യാഗ് പാർക്കിനെ ഐസിസി ടീമുകളുടെ ഔദ്യോഗിക പരിശീലന വേദിയാക്കി മാറ്റിയത്.
കായിക ഭൂപടത്തിലെ പവർഹൗസായ അമേരിക്കയ്‌ക്ക് ക്രിക്കറ്റിൽ ഇതുവരെയും ശോഭിക്കാനായിട്ടില്ല. ക്രിക്കറ്റ് ടൂർണമെന്റ് നടത്തി പരിചയമില്ലാത്തതിന്റെ പോരായ്മയാണ് ഇതിന് പിന്നിലെന്നും നിരീക്ഷകർ പറയുന്നുണ്ട്.















