ന്യൂഡൽഹി : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . കരുതൽ ശേഖരത്തിന് മുതൽകൂട്ടായാണ് സ്വർണം എത്തിച്ചത് . 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.
വരും മാസത്തിലും ഇതേ അളവിൽ സ്വർണം വീണ്ടും രാജ്യത്തേക്ക് എത്തുക്കുമെന്നാണ് സൂചന . റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്.
ആർബിഐയുടെ സ്വർണശേഖരത്തിന്റെ പകുതിയിലേറെയും വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇൻ്റർനാഷണൽ സെറ്റിൽമെൻ്റ്‌സിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സൈന്യത്തിന്റെ സുരക്ഷയിലാണ് സ്വര്‍ണം തിരികെ എത്തിക്കുന്ന നടപടി ആര്‍ബിഐ തുടങ്ങിയിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്.
ആർബിഐ പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം, 2024 മാർച്ച് 31 വരെ വിദേശ നാണയ ശേഖരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് 822.10 ടൺ സ്വർണം ഉണ്ടായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 794.63 ടണ്ണായിരുന്നു.
2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 19 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിക്കൂട്ടിയത്. പണപ്പെരുപ്പത്തിനെ നേരിടാനുള്ള ഒരു മാർഗമെന്ന നിലയിലാണ് ഇത്തരത്തിൽ സ്വർണം വാങ്ങുന്നത്. മുന്‍വര്‍ഷം മൊത്തത്തില്‍ വാങ്ങിയത് 16 ടണ്‍ മാത്രമാണ്. 2019 മുതലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയത്. ഇതിന് മുന്‍പ് 2009ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി സമയത്താണ് 200 ടണ്‍ സ്വര്‍ണം ആര്‍ബിഐ വാങ്ങിയത്.