മിമിക്രി രംഗത്ത് നിന്നും കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നിരവധി താരങ്ങൾ ഉണ്ട്. ജയറാം, കലാഭവൻ മണി, സലിംകുമാർ, ദിലീപ്, കോട്ടയം നസീർ, നാദിർഷ തുടങ്ങിയവർ അതിൽ ചിലരാണ്. അവർ തമ്മിൽ ഇന്നും നല്ല സൗഹൃദത്തിലാണ്. ഈ കൂട്ടത്തിൽ സകലകലാവല്ലഭൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് നാദിർഷ. നടൻ, സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും നാദിർഷ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സലിംകുമാറിനെ പറ്റി മനസ്സ് തുറക്കുകയാണ് നാദിർഷ.
“സലിംകുമാർ എന്നാൽ തമാശകളുടെ നിറകുടമാണ്. കൗണ്ടറുകളുടെ ഉസ്താദ് ആണ്. ഒരു മയവുമില്ലാതെ ഞങ്ങളെ കൊന്നു കൊല വിളിക്കുന്ന ഒരുത്തനാണ്. അവന് ദിലീപ് എന്നില്ല, മണി എന്നില്ല, ജയറാം എന്നില്ല ആരെപ്പറ്റിയും അവന് തോന്നുന്ന തമാശ അവൻ പറയും. പണ്ട് ഞങ്ങൾ പാരഡി എഴുതിയിരുന്ന കാലത്ത് താമസിച്ചിരുന്ന റൂമിൽ ഭയങ്കര കൊതുകുകളായിരുന്നു. എഴുതാൻ വേണ്ടി ഇരിക്കുന്ന സമയത്ത് ഭയങ്കര കൊതുക് കടിയായിരുന്നു. കൊതുകുതിരി പുകച്ചിട്ടും രക്ഷയില്ല”.
“സലിം ആകട്ടെ ബീഡി വലിയുടെ രാജാവാണ്. സലീമിന്റെ ബീഡിവലി ഉള്ളപ്പോൾ ഞങ്ങൾ കൊതുകുതിരി കെടുത്തി വെയ്‌ക്കും. കൊതുക് കടിയിൽ നിന്ന് ഒന്ന് രക്ഷപ്പെടണമല്ലോ. ആ സമയത്ത് സലീമിന്റെ ബീഡി വലിയെ ഞങ്ങൾ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പിന്നീടാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്. ഞങ്ങൾ വേണ്ടെന്നു പറഞ്ഞാലും അവൻ വലിക്കും, അത് മറ്റൊരു സത്യം. എന്നിരുന്നാലും ഇപ്പോൾ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു എന്ന് തോന്നാറുണ്ട്”- നാദിർഷ പറഞ്ഞു.