സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവച്ച ഇന്ത്യൻ താരങ്ങളുടെ ചിത്രം. ”ഇന്ത്യക്കായി നീലയിൽ ഒരുമിച്ചു” എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരുടെ ലോകകപ്പ് ജഴ്‌സിലുള്ള ചിത്രമാണിത്. മുംബൈ ക്യാമ്പിൽ ഭിന്നത രൂക്ഷമാണെന്ന അഭ്യൂഹം ഐപിഎല്ലിനിടെ ഉയർന്നിരുന്നു. ഇതിനിടെയാണ് UNITED IN BLUE FOR INDIA എന്ന അടിക്കുറിപ്പോടെ മുംബൈ താരങ്ങളുടെ ചിത്രങ്ങൾ കെകെആർ പങ്കുവച്ചിരിക്കുന്നത്.
രോഹിത് ശർമ്മയെ അനുകൂലിക്കുന്നവരും പാണ്ഡ്യയെ പിന്തുണയ്‌ക്കുന്നവരുമാണ് ടീമിലുള്ളതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സൂര്യകുമാർ യാദവും ബുമ്രയും രോഹിത്തിനെ പിന്തുണക്കുന്ന താരങ്ങളാണ്. ഹാർദിക്കിനെ മുംബൈയുടെ നായകസ്ഥാനത്ത് എത്തിച്ചതായിരുന്നു ടീമിലെ പ്രശ്‌നങ്ങളുടെ കാരണം.
ടി20 ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു. പ്രദേശത്തെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടുകയാണ് ടീം. ന്യൂയോർക്കിൽ ആദ്യമായാണ് ടീം ഇന്ത്യ മത്സരിക്കാനൊരുങ്ങുന്നത്. ഞായറാഴ്ച അമേരിക്ക- കാനഡ മത്സരത്തോടെയാണ് ലോകകപ്പ് പതിപ്പിന് തുടക്കമാകുന്നത്. ബുധനാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.