ടി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ലോകകപ്പ് സന്നാഹത്തിൽ വരവറിയിച്ച് വെസ്റ്റിൻഡീസ്. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് കരീബിയൻ കരുത്തർ 36 റൺസിന്റെ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിക്കോളാസ് പൂരാന്റെ കരുത്തിൽ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയ്‌ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെ നേടാനായുള്ളൂ.
തുടക്കത്തിലെ ഓപ്പണർ ഷായ് ഹോപ്പിനെ(14) വിൻഡീസിന് നഷ്ടമായെങ്കിലും വൺഡൗണായി ക്രീസിലെത്തിയ നിക്കോളാസ് പൂരാനും(75) ജോൺസൺ ചാൾസും(40) തകർത്തടിച്ചതോടെ ഓസീസ് സമ്മർദ്ദത്തിലായി. ഇരുവരും ചേർന്ന് 39 പന്തിൽ നിന്ന് 90 റൺസാണ് അടിച്ചുകൂട്ടിയത്. 10-ാം ഓവറിൽ ആദം സാംപ പൂരാനെ മടക്കി. 25 പന്തിൽ എട്ട് സിക്സും അഞ്ചു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ റോവ്മൻ പവലും അർദ്ധ സെഞ്ച്വറി നേടി. താരം 25 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 52 റൺസെടുത്തു. ഹെറ്റ്‌മെയറും(18) ഷെർഫെയ്ൻ റുഥർഫോർഡും (47) വിൻഡീസിനെ റെക്കോർഡ് സ്കോറിലേക്ക് നയിക്കുകയായിരുന്നു. ആദം സാംപ(21), ജോഷ് ഹേസൽഹുഡ്(3) എന്നിവർ പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി ആദം സാമ്പ രണ്ട് വിക്കറ്റും ടിം ഡേവിഡ്, ആഷ്ടൺ അഗർ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.
അത്ര മികച്ച തുടക്കമായിരുന്നില്ല ഓസീസിന് ലഭിച്ചത്. നാല് ഓവറിനിടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഡേവിഡ് വാർണർ(15), മിച്ചൽ മാർഷ് (4) ആഷ്ടൺ അഗർ(28) എന്നിവരാണ് പുറത്തായത്. വാർണറുടെയും മാർഷിന്റെയും വിക്കറ്റ് ഷമാർ ജോസഫിനാണ്. ജോഷ് ഇംഗ്ലിസ്- ടിം ഡേവിഡ് സഖ്യമാണ് ടീമിനെ ഒരറ്റത്ത് നിന്ന് ഓസീസിന് വേണ്ടി പൊരുതിയത്. ഇരുവരും ചേർന്ന് 53 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. എന്നാൽ 10-ാം ഓവറിൽ ഡേവിഡിനെ മടക്കി ഗുഡകേഷ് മോട്ടി ഓസീസിനെ സമ്മർദ്ദത്തിലാക്കി. മാത്യൂ വെഡ്(25)- ഇംഗ്ലിസ്(25) സഖ്യം പ്രതിരോധിച്ച് കളിച്ചതോടെ സ്‌കോർ ബോർഡും ചലിച്ചു. ഉടൻ തന്നെ ഇരുവരും മുടങ്ങി. നേഥാൻ എല്ലിസാണ്(39) പുറത്തായ മറ്റൊരു താരം. വിൻഡീസിനായി അൽസരി ജോസഫും ഗുഡകേശ് മോത്തീയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അകേൽ ഹൊസെയ്ൻ, ഷമാർ ജോസഫ്, ഒബെദ് മക്കോയി എന്നിവർ ഒരു വിക്കറ്റും നേടി.