ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഇൻഡി മുന്നണിയുടെ പ്രതീക്ഷകൾ പങ്കുവച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി നയിക്കുന്ന സർക്കാരിനെ താഴെയിറക്കി ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിയാക്കാൻ താത്പര്യപ്പെടുന്നത് രാഹുലിനെയാണെന്ന് ഖാർഗെ വ്യക്തമാക്കി.
പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാൻ ഇൻഡി മുന്നണി നിർദേശിക്കുന്നത് ആരെയാണ് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് നേരത്തെ മറുപടി നൽകാൻ ഖാർഗെ തയ്യാറായിരുന്നില്ല. എല്ലാ പ്രതിപക്ഷ കക്ഷികളുടേയും ഒന്നിച്ചുള്ള പോരാട്ടമാണിതെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം എല്ലാവരും ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നുമായിരുന്നു ഖാർഗെയുടെ മറുപടി. എന്നാൽ വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ എത്തിനിൽക്കെ സുപ്രധാന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് തവണ ഭാരത് ജോഡോ യാത്ര നടത്തിയ, ഒന്നിന് പിറകെ ഒന്നായി ക്യാമ്പയ്നുകൾ നടത്തിയ, സഖ്യകക്ഷികളുമായി നിരവധി തവണ വേദികൾ പങ്കിട്ട, മോദിക്കെതിരെ നേരിട്ട് കടന്നാക്രമണങ്ങൾ നടത്തിയ രാഹുൽ തന്നെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് കോൺഗ്രസിന് ഉയർത്തിക്കാട്ടുന്ന ഏറ്റവും മികച്ച നേതാവ്. രാഹുൽ ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നു, ഈ രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങാൻ പ്രിയങ്കയെ സമർദം ചെലുത്തിയിരുന്നു. അഞ്ച് തവണ സോണിയ മത്സരിച്ച് വിജയിച്ച റായ്ബറേലിയിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ചർച്ചകൾ ഉയർന്നുവെങ്കിലും സഹോദരനെ തൽസ്ഥാനത്ത് നിർത്തണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടതെന്നും ഖാർഗെ വെളിപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെയാണ് രാജ്യത്ത് നടക്കുക. ഇതോടെ രാജ്യത്തെ 543 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകും. ജൂൺ നാലിനാണ് രാജ്യം കാത്തിരിക്കുന്ന ജനവിധി. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന പ്രവചനമാണ് രാഷ്‌ട്രീയ നിരീക്ഷകർ നടത്തുന്നത്. ബിജെപിയെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സഖ്യം ചേർന്ന ഇൻഡി മുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.