തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി രഹസ്യാന്വേഷണ വിഭാഗം. കണ്ണൂർ തളിപ്പറമ്പ് ഭാഗത്ത് മൃഗബലി നടന്നിട്ടില്ല. തളിപ്പറമ്പിലും മാടായിലും നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെയാണ് കർണാടക രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും (ടിടികെ) കോൺഗ്രസ് നേതാവിന്റെ പ്രസ്താവന തള്ളി. ശിവകുമാറിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ടിടികെ ദേവസ്വം ബോർഡ് അംഗം ടി.ടി മാധവൻ പ്രതികരിച്ചു.
ഇവിടെ മൃഗബലി പൂജയില്ല, അങ്ങനെയുള്ളൊരു സ്ഥലമല്ല തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, മാത്രവുമല്ല, ക്ഷേത്രപരിസരത്തും അത്തരത്തിലുള്ള കാര്യങ്ങൾ നടന്നിട്ടില്ല. ഇങ്ങനെയൊരു വിവാദത്തിലേക്ക് ക്ഷേത്രത്തെ വലിച്ചിഴച്ചത് നിർഭാഗ്യകരമാണെന്നും ടിടികെ ദേവസ്വം ബോർഡ് പ്രതികരിച്ചു.
കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിൽ വൻതോതിൽ മൃഗബലി നടത്തിയെന്ന ആരോപണമാണ് ഡികെ ശിവകുമാർ ഉന്നയിച്ചത്. മൃഗബലി ചെയ്യിച്ചത് ആരാണെന്നറിയാം, ആരു ചെയ്തതാണെങ്കിലും അത് ഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. ആരോപണത്തിന് തൊട്ടുപിന്നാലെ ക്ഷേത്രഭാരവാഹികൾ നിലപാട് അറിയിച്ചിരുന്നു. ദേവസ്വം മന്ത്രിയും ശിവകുമാറിനെ തള്ളി രംഗത്തെത്തി. എന്നാൽ ഇതിന് ശേഷവും തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ശിവകുമാർ.















