കണ്ണൂര്‍: ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് എയർഹോസ്റ്റസ് സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. കാബിൻ ക്രൂ അംഗങ്ങളായ യുവതികളെ വലയിലാക്കി കടത്തിന് നിയോഗിക്കുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലാണ് പിടിയിലായത്. യുവതികളെ കാരിയർമാരാക്കി കടത്ത് നിയന്ത്രിക്കുന്ന സുഹൈൽ പത്തുവർഷമായി കാബിൻ ക്രൂവായി ജോലി ചെയ്യുകയാണെന്ന് ഡിആർഐ വ്യക്തമാക്കുന്നു. എയർ ഇന്ത്യാ ജീവനക്കാരനാണ്.
കൊല്‍ക്കത്ത സ്വദേശിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. 60 ലക്ഷത്തോളം രൂപ വിലവരുന്ന 960 ഗ്രാം സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ കുടുങ്ങുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സുഹൈലിന്റെ പേര് വെളിപ്പെട്ടത്. സുരഭി ഖാത്തൂൺ നാലുതവണ കടത്തിയപ്പോൾ 20 തവണയിലേറെ യുവതികൾ ഇത്തരത്തിൽ സ്വർണം കടത്തിയെന്നാണ് എയർഹോസ്റ്റസിന്റെ മൊഴി. കാപ്സ്യൂൾ രൂപത്തിലാക്കിയാണ് സ്വർണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചിരുന്നത്.