കർഷകർക്ക് വേണ്ടി പിണറായി ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ സിനിമാതാരമാണ് കൃഷ്ണ പ്രസാദ്. കർഷകർക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ നടൻ ജയസൂര്യ വിഷയത്തിൽ പ്രതികരിച്ചതോടെ വലിയ വിവാദമാണ് കേരളത്തിൽ ഉണ്ടായത്. ഇരുവർക്കും എതിരെ ഇടതു സൈബർ ഇടങ്ങളിൽ നിന്നും വലിയ തോതിൽ ആക്രമണം ഉണ്ടായി. മന്ത്രിമാരടക്കം സർക്കാരിന്റെ പോരായ്മകൾ മറച്ചുവച്ചുകൊണ്ട് സിനിമാതാരങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ വിവാദങ്ങളും വിദ്വേഷങ്ങളും നേരിട്ട് കൃഷ്ണപ്രസാദ് കർഷകർക്ക് വേണ്ടി അടിയുറച്ചു നിന്നു. അന്നുണ്ടായ വിവാദങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ കർഷകർ നേരിടേണ്ടിവരുന്ന ദുരിതത്തെ പറ്റി കൃഷ്ണപ്രസാദ് തുറന്നു പറയുന്നത്.
“ഇന്നും പട്ടിണി കിടക്കുന്ന കർഷകർ നിരവധിയാണ്. ഞാൻ പ്രതികരിക്കുന്ന ഒരാളാണ്. നല്ലതായാലും ചീത്തയായാലും ഞാൻ പ്രതികരിക്കും. എന്തെങ്കിലും കേട്ടാൽ മിണ്ടാതിരിക്കുന്ന ഒരാളല്ല. കൃഷിയുടെ കാര്യത്തിൽ ഞങ്ങൾ ഇടപെട്ടിരുന്നു. നാൽപതിനായിരത്തോളം കർഷകർക്ക് അവകാശപ്പെട്ട പണം കിട്ടാതെ വന്നതോടെയാണ് ഞങ്ങൾ ശബ്ദമുയർത്തിയത്. ഏഴെട്ടു മാസമായി അതു മുടങ്ങി. എന്റെ സുഹൃത്തായ ജയസൂര്യ അതിൽ പ്രതികരിച്ചു. അതു കൂടുതൽ വിവാദമായി. പക്ഷേ അതുകൊണ്ട് ഒരു ഗുണമുണ്ടായി. കിട്ടാതിരുന്ന പൈസ വലിയ താമസം കൂടാതെ കർഷകർക്ക് ലഭിച്ചു”.
“ബാങ്കിൽ നിന്ന് തരുന്നത് ലോൺ ആണെന്ന് ഞാൻ പറഞ്ഞപ്പോഴാണ് കർഷകർ പോലും അറിയുന്നത്. നെൽകൃഷി ചെയ്യുന്ന 90% ആൾക്കാരും പാവങ്ങളാണ്. അവർക്ക് വലിയ വിദ്യാഭ്യാസം ഉണ്ടാവണമെന്നില്ല. ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന പേപ്പർ അവർ ഒപ്പിടുന്നു എന്ന് മാത്രം. അങ്ങനെയുള്ളവരെ വിഡ്ഢികളാക്കുന്നു. അതിനെതിരെയാണ് ഞങ്ങൾ പ്രതികരിച്ചത്. അപ്പോൾ ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നു, ഈ രാഷ്‌ട്രീയ പർട്ടിക്കെതിരെ മാത്രം പറയുന്നു എന്ന പേരിൽ വിമർശിച്ചു. ആരാണോ ഭരിക്കുന്നത് അവരാണ് നമ്മൾക്കിത് ചെയ്തു തരേണ്ടത്. അത് ആരായാലും അവർക്കെതിരെ ഞങ്ങൾ പ്രതികരിക്കും. കേരളത്തിൽ കർഷകർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്”- കൃഷ്ണപ്രസാദ് പറഞ്ഞു.