ബിലാസ്പുർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. വോട്ട് ബാങ്ക് വർദ്ധിപ്പിക്കാൻ കഴിഞ്ഞ 75 വർഷമായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിജയത്തിൽ പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം എൻഡിഎ 400 സീറ്റുകൾ എന്ന സംഖ്യ മറികടക്കുമെന്നും പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐ യുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബിജെപി ഭരണഘടന മാറ്റുമെന്ന് പ്രചരിപ്പിക്കുന്നവർ നെഗറ്റീവ് രാഷ്‌ട്രീയമാണ് പ്രവർത്തിക്കുന്നത്. അവരെപ്പോഴും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ഭിന്നിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. അതിലൂടെ വോട്ട് ബാങ്ക് വർദ്ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന പോസിറ്റീവ് രാഷ്‌ട്രീയമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല വിഷയങ്ങളിലും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. അവരുടെ പ്രകടനപത്രികയിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് പറയുന്നു. എന്നാൽ അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷം എന്ന് പറയുന്നത് മുസ്ലിം വിഭാഗം മാത്രമാണ്. അതിനർത്ഥം അവർ പ്രീണനമാണ് ചെയ്യുന്നത്. മതേതരത്വത്തിൽ നിന്നും ശ്രദ്ധയകറ്റുന്നു. പദ്ധതികളും വാഗ്ദാനങ്ങളും ഒരു മത വിഭാഗത്തിന് മാത്രമായി നൽകുമെന്ന് മോദി പറഞ്ഞിട്ടില്ല. അതുകൊണ്ട് പ്രധാനമന്ത്രിയാണ് യഥാർത്ഥ മതേതരവാദിഎന്നും നദ്ദ പറഞ്ഞു. രാജ്യമാണ് പരമ പ്രധാനം എന്ന ആശയമാണ് ബിജെപി മുന്നോട്ട് വയ്‌ക്കുന്നതെന്നും അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















