കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ മുഖ്യകണ്ണി പിടിയിൽ. പ്രധാന ഏജന്റായ ബല്ലം രാമപ്രസാദ് ഗോണ്ട ഹൈദരാബാദിൽ നിന്നാണ് പിടിയിലായത്. ഇയാളെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞത്.
വിജയവാഡ സ്വദേശിയാണ് ഇയാൾ. പ്രതാപനെന്നാണ് മറ്റൊരു പേര്. സ്വന്തം വൃക്ക നൽകാൻ ശ്രമിച്ചാണ് ഇയാൾ വൃക്ക റാക്കറ്റിലേക്ക് എത്തിപ്പെട്ടത്. പ്രതാപന്റെ നേതൃത്വത്തിൽ നിരവധി പേരെ വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. അവയവക്കച്ചവടത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ശൃംഖലയുടെ ഇന്ത്യൻ ഏജന്റാണ് പിടിയിലായ പ്രതാപനെന്നും
ആലുവ റൂറൽ എസ്പി വൈഭവ് സക്സേന അറിയിച്ചു.
ഇറാനിലെ പ്രധാന ഹോസ്പിറ്റലിലാണ് അവയവക്കടത്തിനായി സർജറി നടന്നിരുന്നത്. ഇരകളിലധികവും ഹൈദരാബാദ്, ചെന്നൈ സ്വദേശികളാണ്. ഇവരാരും തന്നെ പരാതി നൽകിയിട്ടില്ല. ദാതാക്കൾക്ക് 6-7 ലക്ഷം രൂപയാണ് ഏജന്റുമാർ നൽകിയിരുന്നത്. എങ്ങനെയാണ് ഇരകളെ കണ്ടെത്തിയതെന്ന് വിശദമായി പൊലീസ് അന്വേഷിക്കും.
സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 5 വർഷമായി അവയവ കച്ചവടത്തിൽ പങ്കാളിയാണ് പിടിയിലായ പ്രതാപൻ. അവയവക്കച്ചവടത്തിനുള്ള മനുഷ്യക്കടത്തിന്റെ ഭാഗമായി ഒരുപാട് ഇരകളെ ഇയാൾ ഇറാനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അവയവം സ്വീകരിച്ചവരിൽ കേരളത്തിൽ നിന്നുള്ളവരില്ലെന്നാണ് വിവരം. ദാതാക്കളെ കേസിൽ പ്രതികളാക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.
മലയാളിയായ മധു എന്നയാളാണ് കേസുമായി ബന്ധപ്പെട്ട് ഇനി പിടിയാകാനുള്ളത്. ഇറാനിൽ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവക്കടത്തിന് നേതൃത്വം നൽകിയിരുന്നത് മധുവായിരുന്നു. ഇയാളെ ഇന്ത്യയിലെത്തിക്കാൻ ബ്ലൂ-കോർണർ നോട്ടീസ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ട്.















