ഇസ്‌ലാമാബാദ്: പാക്-അധീന കശ്മീർ പാകിസ്താന്റെ ഭാഗമല്ലെന്നും അവിടെ പാക് സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻ. കശ്മീരി കവിയും മാധ്യമപ്രവർത്തകനുമായ അഹമ്മദ് ഫർഹാദ് ഷായെ തട്ടികൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടായിരുന്നു പാകിസ്താന്റെ അഡിഷണൽ അറ്റോർണി ജനറലിന്റെ പ്രസ്താവന.
മെയ് 15 നാണ് അഹമ്മദ് ഫർഹാദ് ഷായെ റാവൽപിണ്ടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽനിന്നും പാകിസ്താൻ ഇന്റലിജൻസ് ഏജൻസികൾ തട്ടികൊണ്ട് പോകുന്നത്. കവിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിൽ ഫർഹാദ് ഷായെ കോടതിക്ക് മുൻപിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് മൊഹ്സിന് അക്തർ കയാനി ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ എതിർത്ത പാകിസ്താൻ അറ്റോർണി ജനറൽ ഫർഹാദ് ഷാ പാക്-അധീന കശ്മീരിലെ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാക്കാൻ ആവില്ലെന്നും വാദിച്ചു.
പാക് അധീന ജമ്മുകശ്മീർ വിദേശ മണ്ണാണെന്നും അവർക്ക് സ്വന്തമായ ഭരണഘടനയും കോടതിയുമുണ്ടെന്നും അതിനാൽ പാകിസ്താനിലെ കോടതിയുടെ വിധി പാക് അധീന ജമ്മു കാശ്മീരിൽ വിദേശ കോടതിയുടെ വിധിയായി മാത്രമേ കണക്കാക്കപ്പെടുകയുള്ളു എന്നും അഡിഷണൽ അറ്റോർണി ജനറൽ കോടതിക്കുമുൻപാകെ തുറന്ന് സമ്മതിച്ചു. പിഒകെ വിദേശമണ്ണാണെങ്കിൽ പിന്നെങ്ങനെ പാകിസ്താൻ സൈന്യവും റെയ്‌ഞ്ചേഴ്സും അതിനുള്ളിലേക്ക് അതിക്രമിച്ച് കടന്നുവെന്ന് കോടതി ചോദിച്ചു. ഒപ്പം ആളുകളെ നിർബന്ധിച്ച് തട്ടിക്കൊണ്ടുപോകുന്ന പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയുടെ ശീലത്തെ കണക്കിന് വിമർശിക്കുവാനും കോടതി മറന്നില്ല.















