ന്യൂഡൽഹി: എക്‌സിറ്റ് പോൾ ചർച്ചകൾക്കെതിരെ വ്യാപക വിമർശനം ഉന്നയിച്ച കോൺഗ്രസും ഇൻഡി സഖ്യവും നിലപാടിൽ മലക്കം മറിഞ്ഞു. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്നതോടെ വൈകിട്ട് നടക്കുന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാനാണ് പാർട്ടിയുടെ തീരുമാനം. എക്‌സിറ്റ് പോൾ ഫലങ്ങളും ചർച്ചകളും ചാനൽ റേറ്റിംഗ് കൂട്ടാനുളള മാർഗമാണെന്നും അതിൽ നിന്ന് വിട്ടുനിൽക്കാനുമായിരുന്നു പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നത്.
ഇൻഡി സഖ്യത്തിലെ കക്ഷികളുമായി ആലോചിച്ചാണ് പുതിയ നിലപാടെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അതേസമയം എക്‌സിറ്റ് പോളുകൾക്കെതിരെ വ്യാപക പ്രചാരണമാണ് പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നത്. ഇത് ഇൻഡി സഖ്യത്തിലെ മറ്റുളളവരും ഏറ്റുപിടിച്ചിരുന്നു.
ബിജെപിയും എൻഡിഎയും മുൻകൂട്ടി തയ്യാറാക്കിയ എക്‌സിറ്റ് പോൾ ഫലങ്ങൾ തുറന്നുകാട്ടാനാണ് ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. ഇൻഡി സഖ്യത്തിലെ മറ്റ് നേതാക്കളും ചർച്ചകളിൽ പങ്കെടുക്കുമെന്ന് പവൻ ഖേര കൂട്ടിച്ചേർത്തു.വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തിയെന്നും ജൂൺ നാലിന് ഫലപ്രഖ്യാപനത്തിന് മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനോ വാക്‌പോര് നടത്താനോ താൽപര്യമില്ലെന്ന് ആയിരുന്നു കോൺഗ്രസ് നിലപാട്.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിലാണ് ഇൻഡി നേതാക്കൾ യോഗം ചേർന്നത്. തൃണമൂൽ നേതാവ് മമത ബാനർജിയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും യോഗത്തിൽ പങ്കെടുക്കുന്നില്ല. സിപിഐ, സിപിഎം, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി ശരദ് പവാർ, ശിവസേന ഉദ്ധവ് വിഭാഗം, ജെഎംഎം, സമാജ് വാദി പാർട്ടി തുടങ്ങിയവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.