ന്യൂഡൽഹി : അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വിക്കറ്റ് കീപ്പർ – ബാറ്റർ ദിനേശ് കാർത്തിക്ക്. തന്റെ 39 ആം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നീണ്ട ആലോചനകൾക്കു ശേഷമെടുത്ത തീരുമാനമാണിതെന്നും തന്റെ കരിയർ ആഹ്ലാദകരവും ആസ്വാദ്യകരവുമാക്കിയ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ വിരമിക്കൽ കുറിപ്പ്.
ഐപിഎൽ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്ന കാര്‍ത്തിക്ക് രാജസ്ഥാനെതിരായ എലിമിനേറ്റര്‍ മത്സരത്തിലായിരുന്നു അവസാനമായി കളത്തിലിറങ്ങിയത്. എലിമിനേറ്ററിൽ ബെംഗളൂരു പുറത്തായതിനെ തുടർന്ന് താരം ഐപിഎല്ലിനോട് വിടപറഞ്ഞിരുന്നു.
20 വർഷം നീണ്ട കരിയറിൽ താരം 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും ഇന്ത്യയ്‌ക്കായി കളിച്ചിട്ടുണ്ട്. ഇതിൽ ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും ടി20-യില്‍ നിന്ന് 686 റണ്‍സും താരം നേടിയിട്ടുണ്ട് . 257 ഐപിഎല്‍ മത്സരങ്ങളിൽ നിന്നായി 4842 റണ്‍സാണ് കാർത്തിക്കിന്റെ സമ്പാദ്യം. ആര്‍സിബിക്ക് പുറമെ ഗുജറാത്ത് ലയൺസ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കായും കാർത്തിക്ക് കളിച്ചിട്ടുണ്ട്.















