ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ആകെയുള്ള ഒരു സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 63 റൺസിന്റെ ഉഗ്രൻ ജയ തുടക്കം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ പേസ് നിര ബംഗ്ലാദേശിനെ വരിഞ്ഞ് മുറുക്കുകയായിരുന്നു.
സന്നാഹ മത്സരത്തിൽ അവസരം കിട്ടിയ സഞ്ജുവിന് അത് മുതലാക്കാനായില്ല. രോഹിത് ശർമ്മയ്‌ക്കൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത സഞ്ജു സാംസൺ ആറു പന്തിൽ നിന്ന് ഒരു റൺസാണ് നേടിയത്. ഷൊറിഫുൾ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 19 പന്തിൽ 23 റൺസെടുത്ത രോഹിത്തിനെ മൊഹമുദുള്ള പുറത്താക്കി. താളം കണ്ടെത്തിയ ഋഷഭ് പന്ത് അർദ്ധ സെഞ്ച്വറിയോടെ തകർത്തടിച്ചു. 32 പന്തിൽ 53 റൺസെടുത്ത താരം പിന്നീട് റിട്ട.ഔട്ട് ആവുകയായിരുന്നു.
മദ്ധ്യനിരയിൽ ഇറങ്ങിയ സൂര്യകുമാർ യാദവും (18 പന്തിൽ 31) ഹാർദിക് പണ്ഡ്യ (23 പന്തിൽ 40) ഇന്ത്യൻ സ്കോറിംഗിന് ചടുല വേഗം നൽകി. ഐപിഎല്ലിൽ മോശം ഫോമിലായിരുന്ന ഹാർദിക് ബംഗ്ലാദേശ് ബൗളർമാരെ തരിപ്പണമാക്കുന്നതാണ് കണ്ടത്. രവീന്ദ്ര ജഡേജ നാലു റൺസുമായി പുറത്താകാതെ നിന്നു.ദുബെ 14 റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്നിംഗ്സ് ആദ്യ ഓവറിലെ നാലാം പന്തിൽ സൗമ്യ സർക്കാറിനെ(0) പന്തിന്റെ കൈയിലെത്തിച്ച് അർഷദീപ് നിലപാട് വ്യക്തമാക്കി. മൂന്നാം ഓവറിൽ ലിറ്റൺ ദാസിന്റെ കുറ്റി തെറിപ്പിച്ച് അർഷദീപ് ഇന്ത്യക്ക് ആശിച്ച തുടക്കം നൽകി. നജ്മുൾ ഹൊസൈനെ(0) കുടാരം കയറ്റി മുഹമ്മദ് സിറാജും തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തൊട്ടുപിന്നാലെ തൗഹിദ് ഹൃദോയിയെ (13) അക്സറും വീഴ്‌ത്തി.
17 റൺസുമായി പൊരുതിയ തൻസിദ് ഹസനെ ഹാർദിക്കും മടക്കിയതോടെ ബംഗ്ലാദേശ് 5ന് 41 എന്ന നിലയിലായി. പിന്നീട് ക്രീസിലൊന്നിച്ച മുൻ നായകൻ ഷാക്കിബ് അൽ ഹസനും(28) മഹമ്മദുള്ളയും നടത്തിയ ചെറുത്ത് നിൽപ്പാണ് ബംഗ്ലാദേശിനെ 100 കടത്തിയത്. ഷാക്കിബിനെ മടക്കി ബുമ്രയാണ് കൂട്ടുക്കെട്ട് പൊളിച്ചത്. രണ്ടുവിക്കറ്റുമായി വാലറ്റത്തെ മടക്കി ശിവം ദുബെ മത്സരം പൂർത്തിയാക്കി. ജൂൺ അഞ്ചിനാണ് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം.