സംവിധായകൻ ജീത്തു ജോസഫിന് ആദ്യമായി മോഹൻലാലിനെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് നടൻ മണിയൻപിള്ള രാജു. ജീത്തു ജോസഫ് ഒരു സിനിമയിൽ പോലും തന്നെ വിളിച്ചിട്ടില്ലെന്നും അതിൽ തനിക്ക് പരിഭവമൊന്നും ഇല്ലെന്നും നടൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘വർഷങ്ങൾക്ക് മുമ്പ് എന്റെയൊരു സുഹൃത്തെന്നെ വിളിച്ചിട്ട് പറഞ്ഞു, അയാളുടെ കസിനെ മോഹൻലാലിന് പരിചയപ്പെടുത്തി കൊടുക്കുമോന്ന്. ലാലിനോട് ഒരു കഥ പറയാൻ വേണ്ടിയാണെന്ന് എന്നോട് പറഞ്ഞു. അയാളെന്റെ അടുത്ത് വന്ന് ഒരു പൊലീസ് സ്റ്റോറിയാണ് പറഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ഹലോയുടെ ഷൂട്ട് എറണാകുളത്ത് നടക്കുകയായിരുന്നു. ഞാൻ അയാളെയും കൂട്ടി ലാലിന്റെ അടുത്ത് പോയി കഥയും പറഞ്ഞു.
ലാലിന് കഥ ഇഷ്ടമായെങ്കിലും ഷാജി കൈലാസിന്റെ അടുത്ത സിനിമയിൽ പൊലീസ് വേഷം ചെയ്യാനുള്ളതിനാൽ, ഇപ്പോൾ കഥ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അയാൾ പിന്നീട് ആ കഥ പൃഥ്വിയെ വച്ച് ചെയ്‌തു. ലാലുമായി പിന്നീട് അയാൾ ഒരുപാട് സിനിമകൾ ചെയ്‌തു. ആ സംവിധായകനായിരുന്നു ജിത്തു ജോസഫ്. ലാലിനോടൊപ്പം ദൃശ്യം, ദൃശ്യം 2, 12th മാൻ അങ്ങനെ കുറെ സിനിമകൾ ചെയ്‌തു. പക്ഷേ ആ സിനിമകളിലൊന്നും എന്നെ വിളിച്ചിരുന്നില്ല.
എനിക്ക് വേണമെങ്കിൽ പറയാം, ജീത്തുവിന് ലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണെന്നും പക്ഷെ, ഒരു സിനിമയിൽ അയാൾ എന്നെ വിളിച്ചിട്ടില്ലെന്നും. എനിക്ക് ഒരു പരിഭവവുമില്ല, ഭാവിയിൽ ജീത്തു ചെയ്യുന്ന ഏതെങ്കിലും സിനിമയിൽ എനിക്ക് പറ്റിയ വേഷമുണ്ടെങ്കിൽ എന്നെ വിളിക്കും.’- മണിയൻ പിള്ള രാജു പറഞ്ഞു.