ഇറ്റാനഗർ: കേവല ഭൂരിപക്ഷവും കടന്ന് അരുണാചലിൽ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെ 60 അംഗ മന്ത്രിസഭയിൽ നിലവിൽ 46 സീറ്റുകൾ നേടി ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞു. 10 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചിരുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രിയും ഇതിൽ ഉൾപ്പെടുന്നു. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമായിരുന്നത്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ ബിജെപിക്ക് ലീഡ് നിലയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. അതേസമയം മറ്റു പ്രതിപക്ഷ പാർട്ടികൾ എല്ലാം തന്നെ ലീഡ് നിലയിൽ ബഹുദൂരം പിന്നിലാണ്. കോൺഗ്രസിന് ഒരു സീറ്റുമാത്രമാണ് നേടാനായത്. നാഷണൽ പീപ്പിൾസ് പാർട്ടി നിലവിൽ 5 സീറ്റുകൾ നേടിയിട്ടുണ്ട്. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ 2 സീറ്റുകളും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 3 സീറ്റുകളും നേടിയതായാണ് വിവരം. ബിജെപി കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ഇത് മൂന്നാം തവണയാണ് അരുണാചൽ പ്രദേശിൽ ബിജെപി അധികാരത്തിലെത്തുന്നത്.