ഹൈദരാബാദ്: ഇനിമുതൽ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമെന്ന പദവി ഹൈദരാബാദിന് ഇല്ല. ഇന്നുമുതൽ ഹൈദരാബാദ് തെലങ്കാനയുടെ ഔദ്യോഗിക തലസ്ഥാനമാകും. അതേസമയം ആന്ധ്രാ പ്രദേശിന് തലസ്ഥാനമില്ലാത്ത സ്ഥിതിയുമാണ്.
2014 ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമപ്രകാരം തെലങ്കാന സംസ്ഥാനം നിലവിൽ വരുന്നതുമുതൽ, അതായത് 2014 ജൂൺ 2 മുതൽ, വരുന്ന 10 വർഷക്കാലം ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായി തുടരും. എന്നാൽ ഈ കാലാവധി കഴിഞ്ഞാൽ ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമായിരിക്കും. അതേസമയം ആന്ധ്രാപ്രദേശിന് പുതിയൊരു തലസ്ഥാനം ഉണ്ടാകുമെന്നും ഇതിൽ പറയുന്നു.
തലസ്ഥാനമായി അമരാവതി വേണോ വിശാഖപട്ടണം വേണോ എന്ന തർക്കം കോടതി കയറിയിരിക്കുന്നതിനാൽ ആന്ധ്രാപ്രദേശിന് ഇന്നു മുതൽ തലസ്ഥാനമില്ലാതായിരിക്കുകയാണ്. ജഗൻ മോഹൻ റെഡ്‌ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ വിശാഖപട്ടണം ഭരണ തലസ്ഥാനമാക്കുമെന്നും അമരാവതി നിയമസഭയുടെ ആസ്ഥാനവും കുർണൂൽ ജുഡീഷ്യൽ തലസ്ഥാനവുമാക്കുമെന്ന് പറഞ്ഞിരുന്നു. 2014 മുതൽ തന്നെ രേഖകളിൽ ഹൈദരാബാദ് തലസ്ഥാനമായി സൂചിപ്പിക്കുന്നത് ആന്ധ്രാപ്രദേശ് നിർത്തിയിരുന്നു. ചില ഓഫീസുകൾ മാത്രമാണ് ഇവിടെ അവശേഷിച്ചിരുന്നത്.















