ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും അരുണാചൽ പ്രദേശിൽ ബിജെപിയെ ശക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭ തെരഞ്ഞെടുപ്പിൽ 60 ൽ 46 സീറ്റും തൂത്തുവാരിയാണ് ബിജെപി വിജയമുറപ്പിച്ചത്. അതേസമയം പ്രതിപക്ഷ പാർട്ടികൾ വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസിന് ഒരു സീറ്റുമാത്രമാണ് നേടാനായത്.
ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് മോദി ജനങ്ങൾക്ക് നന്ദി അറിയിച്ചത്. “ഒരിക്കൽകൂടി ബിജെപിയിൽ വിശ്വാസമർപ്പിച്ചതിന് ഞാൻ അവർക്ക് നന്ദി പറയുന്നു. സംസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി ഞങ്ങളുടെ പാർട്ടി കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കും” അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ വിജയം നേടാൻ സഹായിച്ച അരുണാചൽ പ്രദേശിലെ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. പ്രവർത്തകരുടെ കഠിനാധ്വാനത്തിനും സംസ്ഥാനത്തുടനീളമുള്ള അവരുടെ പ്രചാരണപ്രവർത്തനങ്ങൾക്കും ലഭിച്ച ബലമാണിതെന്നും മോദി പറഞ്ഞു. അരുണാചൽ പ്രദേശിൽ ബിജെപിക്ക് ഇത് ചരിത്ര ദിവസമാണെന്ന് വിജയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡുവും പറഞ്ഞു.