ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്തെടുക്കുക എന്നത് സമയം ധാരാളം വേണ്ടുന്ന പ്രക്രിയയാണ്. സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ചാർജ് ചെയ്യാൻ വേണ്ടി വന്നേക്കും. ലാപ്ടോപുകളും ഇലക്ട്രിക് വാഹനവുമാണെങ്കിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ 10 മിനിറ്റ് കൊണ്ട് മുഴുവൻ ചാർജ് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യൻ വംശജനായ അങ്കൂർ ഗുപ്ത കണ്ടെത്തിയിരിക്കുന്നത്.
യുഎസ്എയിലെ കൊളറാഡോ ബോൾഡർ യൂണിവേഴ്സിറ്റിയിലെ കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ അസി. പ്രൊഫസറാണ് ഗുപ്ത. National Academy of Sciencesൽ ഗുപ്ത പ്രസിദ്ധീകരിച്ച ജേർണലിലാണ് അതിവേഗം ഊർജം സംഭരിക്കാൻ കഴിയുന്ന സൂപ്പർകപ്പാസിറ്ററുകളെക്കുറിച്ച് പരാമർശിക്കുന്നത്. സൂപ്പർകപ്പാസിറ്ററുകൾ ഇവി ചാർജറുകളിൽ ഘടിപ്പിച്ചാൽ വളരെ വേഗം ചാർജ് ചെയ്യാൻ സാധിക്കും. ഇതിനായി സൂപ്പർകപ്പാസിറ്റർ എങ്ങനെ നിർമിക്കണമെന്നും അദ്ദേഹം തന്റെ ജേർണലിൽ പറയുന്നു.