ആഗ്ര : 65 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 29 കാരൻ യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനോജ് കുമാർ എന്ന ഉത്തമാണ് മഥുര പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് .
മെയ് 26ന് വീട്ടിലേക്ക് പോകുകയായിരുന്ന വൃദ്ധയെ മനോജ് കുമാർ ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു . പിന്നാലെ വൃദ്ധയുടെ ആഭരണങ്ങളും കൈക്കലാക്കി. വൃദ്ധയുടെ പരാതിയിൽ ഐപിസി സെക്ഷൻ 376 പ്രകാരം മനോജിനെതിരെ പൊലീസ് കേസെടുത്തു . ഒളിവിലായിരുന്ന മനോജിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു .
രഹസ്യവിവരത്തെത്തുടർന്ന് യമുന എക്‌സ്പ്രസ് വേയിലെ ജഗദീഷ്പൂർ അണ്ടർപാസിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാൽ ഇതിനിടെ ഇയാൾ വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് മനോജിനെ കാലിൽ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു . പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ആശുപത്രി ശുചിമുറിയിൽ പോകുന്നതിനിടെ മനോജ് രക്ഷപ്പെടാനായി പൊലീസുകാരെ അക്രമിക്കാൻ ശ്രമിച്ചു . തുടർന്ന് പൊലീസ് വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മനോജ് കൊല്ലപ്പെടുകയുമായിരുന്നു.