തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായി മാറുമെന്ന് രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ തർക്കമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ സിറ്റിംഗ് എംപി ശശി തരൂരിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൡ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. സൗത്ത് ഇന്ത്യയിൽ ബിജെപിയായിരിക്കും ഏറ്റവും വലിയ ദേശീയ പാർട്ടി. അത് എല്ലാവർക്കും സ്പഷ്ടമായി കാണാൻ കഴിയും.
മൂന്നാം തവണയും നരേന്ദ്രമോദിയാണ് സർക്കാർ ഉണ്ടാക്കാൻ പോകുന്നത്. 2019 നെക്കാളും ജനപിന്തുണ നേടിയാണ് മോദി സർക്കാർ വീണ്ടും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ജനങ്ങൾ മോദിയെ തെരഞ്ഞെടുത്തു കഴിഞ്ഞു. പത്ത് വർഷം അദ്ദേഹം ചെയ്ത ജോലികൾ പൂർത്തീകരിക്കണമെങ്കിൽ ഇനിയും അഞ്ച് കൊല്ലം വേണം. ഞങ്ങൾക്ക് നുണയുടെ രാഷ്ട്രീയമല്ല വേണ്ടത്, പുരോഗമനത്തിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്ന തീരുമാനമാണ് ജനങ്ങളുടേതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.