ജമ്മു കശ്മീർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ വോട്ടർമാരുടെ പങ്കാളിത്തത്തിൽ നന്ദി അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കനാല് ദശകത്തിനുളളിലെ റെക്കോർഡ് പോളിങാണ് കശ്മീരിൽ രേഖപ്പെടുത്തിയത്. കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പ്രത്യേക പദവി റദ്ദാക്കിയതുൾപ്പെടെയുള്ള കേന്ദ്ര നടപടികൾ ശരിവച്ച സുപ്രീംകോടതി സെപ്റ്റംബർ 30 ന് മുൻപ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നത്.
58 .58 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. കശ്മീർ താഴ്വരയിൽ മാത്രം രേഖപ്പെടുത്തിയത് 51.05 ശതമാനം പോളിംഗാണ്. ആകെ അഞ്ച് ലോക് സഭാ മണ്ഡലങ്ങളാണ് ജമ്മുകശ്മീരിലുള്ളത്. ഉധംപൂർ, ജമ്മു, ശ്രീനഗർ, ബരാമുള്ള, അനന്തനാഗ്-രജൗരി മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണത്തെ പോളിങ് ശതമാനത്തിൽ അത്ഭുതപ്പെടുത്തുന്ന വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
2019 ൽ ശ്രീനഗർ, ബരാമുള്ള മണ്ഡലങ്ങളിൽ പോളിങ് യഥാക്രമം 14 .43 ശതമാനവും 34 .6 ശതമാനവുമായിരുന്നത് 2024 ൽ 38 .49 ശതമാനവും 59 .10 ശതമാനവുമാണ്. അതായത് പോളിങ് ശതമാനം ഈ മണ്ഡലങ്ങളിൽ ഇരട്ടിയായി വർദ്ധിച്ചു. അനന്തനാഗ്-രജൗരി മണ്ഡലത്തിൽ 51. 35 ശതമാനമാണ് പോളിങ്. മണ്ഡലത്തിലെ കഴിഞ്ഞ 35 വർഷത്തെ കണക്കെടുത്താൽ ഏറ്റവും ഉയർന്ന റെക്കോർഡ് പോളിങ് ആണിത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലെ കശ്മീരിലെ ജനങ്ങളുടെ സജീവ പങ്കാളിത്തം പറയാതെ പറയുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കുള്ള സ്വീകാര്യതയാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ, കശ്മീരിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക് ഇത് നൽകിയ ഉണർവ്, സ്ത്രീ ശാക്തീകരണ പദ്ധതികൾ, തൊഴിലവസരങ്ങൾ, കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിങ്ങനെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കശ്മീരിന്റെ പഴയ ചിത്രം മാറ്റി വരയ്‌ക്കാൻ ഗവണ്മെന്റിനു കഴിഞ്ഞു.















