തിയേറ്ററുകളിൽ ആവേശമായി മാറുകയാണ് ബിജു മേനോൻ- ആസിഫ് അലി ചിത്രം തലവൻ. റിലീസ് ചെയ്ത് ആദ്യദിനം തന്നെ വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം അതി ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. നീണ്ട ഇടവേളയ്‌ക്ക് ശേഷം ആസിഫ് അലി എന്ന താരത്തിന്റെ വലിയൊരു തിരിച്ചുവരവ് കൂടിയാണ് ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
തലവന്റെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആഗോള ബോക്സോഫീസിൽ 15 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും തലവന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കളക്ഷൻ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ചിത്രമെന്ന ഖ്യാദിയും പ്രേക്ഷകർ പറയുന്നുണ്ട്.
ബിജു മേനോൻ- ആസിഫ് അലി കോംബോയ്‌ക്ക് മുമ്പും മലയാളി പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതേ കോംബോ തന്നെ വീണ്ടും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. സീരിയസ്- ത്രില്ലർ ചിത്രത്തിലൂടെ വ്യത്യസ്ത റാങ്കുകളിലുള്ള ശത്രുക്കളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് തലവൻ. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു നിർമാണം.















