ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതി അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നും പൊതു ജനങ്ങളോട് വിശ്വാസ വഞ്ചന കാണിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ നശിപ്പിച്ചതായും പ്രതിയ്‌ക്ക് ഡൽഹി സർക്കാരുമായി സ്വാധീനമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മെയ് 30-ന് ഡൽഹി റോസ് അവന്യു കോടതി സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ ആറ് വരെ നീട്ടിയിരുന്നു. ഡൽഹി മദ്യനയം രൂപീകരിക്കുന്നതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2023 ഫെബ്രുവരി 26-നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
മദ്യ നയം പരിഷ്കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലൈസൻസ് ഉടമകളിൽ നിന്നും വലിയ തുക കൈക്കൂലി വാങ്ങുകയും ഈ തുക പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഇഡി കണ്ടെത്തി.















