ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന ടി20 ലോകകപ്പിന്റെ സുരക്ഷ ശക്തമാക്കി അമേരിക്ക. ടൂർണമെൻ്റിലെ പ്രധാന മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിലെ നാസ്സൗ സ്റ്റേഡിയത്തിന് ചുറ്റും സ്നൈപ്പർമാരെ അണിനിരത്തിയാണ് സുരക്ഷ ശക്തമാക്കിയത്. ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പാണ് സ്നൈപ്പർമാർ സ്റ്റേഡിയത്തിന്റെ സുരക്ഷ ഏറ്റെടുത്തത്. ബിബിസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സ്റ്റേഡിയത്തിന് സമീപത്തെ വിവിധ കെട്ടിടങ്ങളിലും ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലും സ്നൈപ്പർമാർ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഓരോ കോണിലും സിവിൽ ഡ്രെസിൽ പൊലീസുകാരും തമ്പടിച്ചിട്ടുണ്ട്. ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീഷണി ഉയർന്നതോടെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
വ്യോമാക്രമണ മുൻകരുതൽ എന്ന നിലയിൽ സ്റ്റേഡിയത്തിന് സമീപത്തെ പാർക്ക്, മത്സരമുള്ള ദിവസങ്ങളിൽ അടച്ചിടും. മത്സരം കാണാനെത്തുന്നവർക്ക് വിമാനത്താവളത്തിന് സമാനമായ പരിശോധനയ്‌ക്ക് വിധേയമാകേണ്ടിവരും. 250 കോടി മുടക്കിയ സ്റ്റേഡിയം മത്സരങ്ങൾക്ക് പൂർത്തിയായ ശേഷം പൊളിച്ച് മാറ്റും. 12 മത്സരങ്ങളാണ് ഇവിടെ നടക്കുക.