ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശിലെയും ഒഡിഷയിലെയും നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടണ്ണലും ആരംഭിച്ചു. ഒഡിഷയിൽ ബിജെഡി ഭരണം നിലനിർത്തുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ. ഉച്ചയോടെ ഇരു സംസ്ഥാനങ്ങളിലെയും ചിത്രം വ്യക്തമാകും. 25 മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
147 അംഗ നിയമസഭയിലേക്കാണ് ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് ഇത്തവണ വൻ മുന്നേറ്റമാണ് പ്രവചിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് പ്രചാരണ റാലികൾ സംഘടിപ്പിച്ചത്.
ബിജെപിയും ബിജെഡിയും 147 സീറ്റുകളിലും കോൺഗ്രസ് 145 സീറ്റുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഏഴ് സീറ്റുകളിലും ജനവിധി തേടുന്നു. സംസ്ഥാനത്ത് ബിജെപിയും ബിജു ജനദാതളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്നും, ആര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാവില്ലെന്നും ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സര്‍വേ പ്രവചിക്കുന്നു. പ്രവചനം ശരിയായി വന്നാൽ 2004-ന് ശേഷം ആദ്യമായിട്ടായിരിക്കും ബിജെഡിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടാവുക.
ആന്ധ്രപ്രദേശിൽ 175 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് ജഗൻ മോഹൻ റെഡ്ഡി സർക്കാർ വീഴുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എൻഡിഎ വൻ വിജയം കൈവരിക്കുമെന്നാണ് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 98-120 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഡി സഖ്യം പരമാവധി രണ്ട് സീറ്റിലൊതുങ്ങുമെന്നാണ് പ്രവചിക്കുന്നത്.
ബിജെപിയും മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപിയും പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജനസേന പാര്‍ട്ടിയും സഖ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയാണ് സഖ്യത്തിന്റെ പ്രധാന എതിരാളി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഇന്‍ഡി സഖ്യമായി മത്സരരംഗത്തുണ്ട്. 144 നിയമസഭാ മണ്ഡലങ്ങളില്‍ ടിഡിപിയും 21 ല്‍ ജനസേന പാര്‍ട്ടിയും പത്തില്‍ ബിജെപിയുമാണ് മത്സരിക്കുന്നത്.