ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരിയായി മലയാളികളുടെ മനസിൽ ഒരു സൂപ്പർസ്റ്റാറിന്റെ സ്ഥാനമാണ് മലയാളികള്‍ക്കിടയില്‍ സുരേഷ് ഗോപിക്കുള്ളത്. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് കഥാപാത്രങ്ങളെയാണ് അദ്ദേഹം വെള്ളിത്തിരയിൽ അഭിനയിച്ച് പൊലിപ്പിച്ചത്. 1990കളിലും 2000ത്തിന്റെ തുടക്കത്തിലുമെല്ലാം സുരേഷ് ഗോപിയുടെ സിനിമകൾ തുടർച്ചയായി ഹിറ്റ് ലിസ്റ്റുകളിൽ ഇടം നേടി. മലയാളത്തിൽ മാത്രം 220ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുളളത്. ഇതിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും ആക്ഷൻ ത്രില്ലറുകളിലൂടെയും പൊലീസ് സിനിമകളിലൂടെയാണ് സുരേഷ് ഗോപി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
ഐ.വി ശശിയുടെ അക്ഷരത്തെറ്റ് എന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് പത്മരാജന്റെ ഇന്നലെയിലെ നരേന്ദ്രൻ ആണ്. മണിച്ചിത്രത്താഴിലെ നകുലൻ, വടക്കൻ വീരഗാഥയിലെ ആരോമൽ, കുലത്തിലെ ഭ്രാന്തൻ ചാന്നാർ, ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി എന്നിവയും എടുത്ത് പറയേണ്ട കഥാപാത്രങ്ങളാണ്. ഷേക്സ്പിയറിന്റെ ഒഥല്ലോയെ അവലംബമാക്കി ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ കണ്ണൻ പെരുമലയനിലൂടെ 1998ൽ ദേശീയ, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
എന്നിരുന്നാല്‍ പോലും സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് നയിച്ചത് ഏകലവ്യൻ, ഹൈവേ, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളാണ്. ഒരു ഐപിഎസ് ഓഫീസറാകാൻ ആഗ്രഹിച്ചിരുന്ന സുരേഷ് ഗോപി തനിക്ക് കിട്ടിയ പൊലീസ് വേഷങ്ങളെല്ലാം ഏറെ മനോഹാരിതയോടെയാണ് അവതരിപ്പിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ത്രയമായി വിശേഷിപ്പിച്ചിരുത് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയാണ്. ഇടക്കാലത്ത് അദ്ദേഹം മലയാള സിനിമകളിൽ സജീവമല്ലായിരുന്നു. ഈ കാലയളവിന് ശേഷമാണ് സുരേഷ് ഗോപി തന്റെ രാഷ്‌ട്രീയജീവിതത്തിന് തുടക്കമിടുന്നത്. നിലവിൽ കൊൽക്കത്തയിലെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷന്റെ അമരക്കാരൻ കൂടിയാണ് സുരേഷ് ഗോപി.
സിനിമാതാരം എന്ന ലേബലിന് പുറമെ അവതാരകൻ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. കോൻ ബനേഗാ ക്രോർപതിയുടെ മലയാളം പതിപ്പായ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ എന്ന ചോദ്യോത്തര പരിപാടിയുടെ അവതാരകനായിട്ടാണ് സുരേഷ് ഗോപി എത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അയാളുടെ മാതാപിതാക്കളും തന്നെ ക്രൂരമായി പീഡിപ്പിക്കുതിനെ കുറിച്ച് ഒരു മത്സരാർത്ഥി പരിപാടിക്കിടെ സംസാരിച്ചിരുന്നു.
പെൺമക്കളുള്ള മാതാപിതാക്കളെ ഓർത്ത് തന്റെ ഹൃദയം വേദനിക്കുന്നുവൊയിരുന്നു സുരേഷ് ഗോപി ഇതിനോട് പ്രതികരിച്ചത്. സ്ത്രീധനം ചോദിക്കരുതെന്ന് തീരുമാനിച്ച നാല് മക്കളുള്ള കുടുംബമാണ് തന്റേതെന്നും സുരേഷ് ഗോപി പറയുന്നു. ” സ്ത്രീകൾ വിവാഹം കഴിക്കാതെ ജീവിക്കാൻ തീരുമാനിച്ചാൽ പുരുഷന്മാർ പിന്നെ എന്തുചെയ്യും. എനിക്ക് ഇത്തരം കാര്യങ്ങളോട് ദേഷ്യമാണ്. എനിക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. വിവാഹത്തിന് അവരുടെ അടുത്ത് എത്തുന്നതിന് മുൻപ് നിങ്ങൾ ഇത് കേൾക്കണം. ഇല്ലെങ്കിൽ അവർ ഒറ്റയ്‌ക്ക് ജീവിക്കും” എന്നാണ് സുരേഷ് ഗോപി അന്ന് പറഞ്ഞത്.
നിരവധി സാമൂഹിക വിഷയങ്ങളിൽ ഈ വേദിയിൽ വച്ച് സുരേഷ് ഗോപി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത് വിജയിക്കായില്ലെങ്കിലും, ആവശ്യക്കാർക്ക് സുരേഷ് ഗോപി സഹായങ്ങൾ ചെയ്ത് നൽകിയിരുന്നു. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുതിന് മുൻപ് തന്നെ ഇത്തരത്തിൽ നിരവധി പേരെ സാമ്പത്തികമായും അല്ലാതെയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്.
തന്റെ കുടുംബമാണ് തന്റെ ശക്തിയെന്ന് പല അഭിമുഖങ്ങളിലും സുരേഷ് ഗോപി തുറന്ന് പറഞ്ഞിട്ടുണ്ട്. നടി ആറന്മുള പൊന്നമ്മയുടെ ചെറുമകൾ രാധിക നായർ ആണ് സുരേഷ് ഗോപിയുടെ ഭാര്യ. ലക്ഷ്മി, ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ അഞ്ച് മക്കളാണ് ദമ്പതികൾക്കുള്ളത്. ഇതിൽ മൂത്ത മകളായ ലക്ഷ്മി, ഒരു വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു.