തൃശൂർ: മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണംകെട്ട തോൽവിയിൽ വിശദീകരണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കോൺഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകൾ ബിജെപി പിടിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായതെന്ന് മുരളീധരൻ പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും ആരും ആഗ്രഹിക്കാത്ത ഒരു അപ്രതീക്ഷിത വിജയമാണ് സുരേഷ് ഗോപിക്ക് ഉണ്ടായതെന്നാണ് കെ.മുരളീധരന്റെ ന്യായീകരണം. സുനിൽ കുമാർ കൂടുതൽ വോട്ട് പിടിച്ചെങ്കിലും തൃശൂരിൽ എൽഡിഎഫ്- ബിജെപി അന്തർധാര ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
“ബിജെപിക്കെതിരെ ശക്തമായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എന്നാൽ ദൗർഭാഗ്യ വച്ചാൽ തൃശൂർ ബിജെപിക്കാണ് വിജയം ഉണ്ടായത്. എല്ലാവരും ഉണ്ടാകരുത് എന്ന് വിചാരിച്ച ഒരു അപ്രതീക്ഷിത വിജയമാണ് തൃശൂർ ഉണ്ടായത്. അതിന് പല കാരണങ്ങളുണ്ട്. തൃശൂരിൽ മാത്രമല്ല പലയിടത്തും ബിജെപിയുടെ സ്വാധീനം ശക്തമായി. ഉദാഹരണം ആറ്റിങ്ങൽ, ആലപ്പുഴ, തിരുവനന്തപുരം. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിക്കും ഗുണമുണ്ടായി. ബിജെപിയ്‌ക്ക് കേരളത്തിൽ വിജയം ഉണ്ടായി. ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു”.
“തൃശൂരിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസിന്റെ അപ്രതീക്ഷിതമായ പരാജയത്തിന്റെ കാരണം ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോയതാണ്. അതാണ് ഇത്രയും മുന്നേറ്റം സുരേഷ് ഗോപിക്ക് ഉണ്ടായത്. ക്രൈസ്തവ വോട്ടുകൾ വലിയ തോതിൽ അവർ സമാഹരിച്ചു. അതുകൊണ്ടാണ് യുഡിഎഫ് ഒന്നാം സ്ഥാനത്ത് എത്താതിരുന്നത്. സിപിഎമ്മിന്റെ ഉറച്ച പഞ്ചായത്തുകളിലും ബിജെപി കടന്നു കയറി. അതാണ് ഒന്നാം ഘട്ടത്തിൽ തന്നെ സുരേഷ് ഗോപി ലീഡ് ചെയ്തത്”.
“അപ്രതീക്ഷതമായ പരാജയമാണ് ഉണ്ടായത്. യുഡിഎഫിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായപ്പോൾ ഞാൻ മൂന്നാം സ്ഥാനത്തേക്ക് പോയി. ഇടതുപക്ഷത്തിന് ഇത്രയും മികച്ച സ്ഥാനാർത്ഥി ഉണ്ടായിട്ടും കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഏതാണ് 12000 വോട്ടുകൾ മാത്രമെ സുനിൽ കുമാറിന് കൂടുതൽ കിട്ടിട്ടുള്ളു. അതാണ് ഞങ്ങൾ പറഞ്ഞത്, തൃശൂരിൽ എൽഡിഎഫ്- ബിജെപി അന്തർധാര ഉണ്ടായിരുന്നു എന്ന്”- കെ.മുരളീധരൻ പറഞ്ഞു.