തൃശൂർ: കേരള രാഷ്‌ട്രീയത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചുകാണ്ട് മിന്നും വിജയം കരസ്ഥമാക്കിയ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തന്റെ പ്രവർത്തകരുടെ ആഘോഷത്തിൽ പങ്കുചേരാൻ തൃശുരിലെത്തി. വൻ സ്വീകരണമാണ് ബിജെപി നേതാക്കൾ നൽകിയത്. താമരമാല അണിയിച്ചും ഷാൾ അണിയിച്ചും ബിജെപി പ്രവർത്തകർ ജനനായകനെ വരവേറ്റു.
ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ രാജകീയ സ്വീകരണമാണ് പാർട്ടി നേതൃത്വവും പ്രവർത്തകരും സുരേഷ് ഗോപിക്ക് നൽകിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന ബിജെപി നേതാക്കളായ പ്രകാശ് ജാവ്ദേക്കർ, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, പികെ കൃഷ്ണദാസ്, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
തൃശൂർ പൂരത്തിന്റെ അടയാളമെന്നോളം വെടിക്കെട്ടുകളോടെയാണ് പ്രവർത്തകർ സുരേഷ് ഗോപിയെ സ്വീകരിച്ചത്. ഈ സുപ്രധാന നിമിഷത്തിൽ പ്രവർത്തകരുടെ ആവേശത്തിൽ പങ്കുചേരുകയാണ് സുരേഷ് ഗോപി. നൂറ് കണക്കിന് പ്രവർത്തകർ ആഘോഷ പരിപാടിയുടെ ഭാഗമാകാൻ നഗരത്തിലുടനീളം അണിനിരന്നു.
കേരള ചരിത്രത്തിലെ തന്നെ ഉജ്ജ്വല വിജയം സ്വന്തമാക്കിയാണ് തൃശൂരിൽ സുരേഷ് ഗോപി താമര വിരിയിച്ചത്. 74,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 4,09,302 വോട്ടുകൾ നേടി സുരേഷ് ഗോപി തൃശൂരിൽ വെന്നിക്കൊടി പാറിച്ചു.