ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സിപിഎമ്മിന്റെയും ഇടതു പാർട്ടികളുടെയും രാഷ്‌ട്രീയ ഭാവി സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. ഭരണത്തിലിരിക്കുന്ന കേരളത്തിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. പ്രതീക്ഷയുണ്ടായിരുന്ന പല സീറ്റുകളിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു. കേരളത്തിൽ മാത്രമല്ല പതിറ്റാണ്ടുകളോളം ഇടതുപാർട്ടികൾ അധികാരത്തിലിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും സമാനമായ സ്ഥിതിയാണ്.
പശ്ചിമബംഗാളിൽ സിപിഎമ്മിന്റെ വോട്ടുവിഹിതം കേവലം 5.66 ശതമാനം മാത്രമാണ്. സിപിഐയ്‌ക്ക് ലഭിച്ചത് 0.22 ശതമാനം വോട്ടുകൾ മാത്രവും. നോട്ടയ്‌ക്ക് പോലും ബംഗാളിൽ 0.87 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. ബിജെപിക്ക് 38.73 ശതമാനം വോട്ടുകൾ ലഭിച്ചപ്പോഴാണ് സിപിഎമ്മും സിപിഐയും നിലയില്ലാ കയത്തിലേക്ക് വീണത്. ത്രിപുരയിലെ രണ്ട് സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ഇവിടെ സിപിഎമ്മിന് 12.44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് 70.72 ശതമാനവും
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും വിധിയെഴുത്ത് നടന്ന ഒഡീഷയിൽ നിയമസഭയിലേക്ക് ഒരു സീറ്റിൽ സിപിഎം വിജയിച്ചു. എന്നാൽ ലോക്‌സഭയിലേക്ക് വൻ പരാജയമായിരുന്നു. ബൊണായ് മണ്ഡലത്തിൽ മത്സരിച്ച ലക്ഷ്മൺ മുണ്ടയാണ് നിയമസഭയിലേക്ക് വിജയിച്ചത്. ലോക്‌സഭയിൽ 21 സീറ്റുകളിൽ 19 ഉം നേടി ബിജെപി വൻ വിജയം നേടിയപ്പോൾ സിപിഎമ്മിന് കേവലം .02 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സിപിഐയ്‌ക്ക് .03 ശതമാനവും.
കേരളത്തിന് പുറത്ത് അഞ്ച് സീറ്റുകൾ മാത്രമാണ് ഇടതുപാർട്ടികൾക്ക് വിജയിക്കാൻ കഴിഞ്ഞത്. ഇതിൽ നാലും ഇൻഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച തമിഴ്‌നാട്ടിലാണ്. സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതമാണ് ജയിച്ചത്. ഡിഎംകെയുടെ ഉൾപ്പെടെ വലിയ സഹായത്തോടെയാണ് ഈ വിജയങ്ങളെന്ന് ഇടത് കേന്ദ്രങ്ങൾക്ക് നല്ല ബോധ്യവുമുണ്ട്. രാജസ്ഥാനിലെ സികാർ ആണ് വിജയിച്ച വേറൊരു മണ്ഡലം. കേരളത്തിൽ തുടർഭരണം കൈയ്യിലുണ്ടായിട്ടും ആലത്തൂരിൽ മാത്രമാണ് ഇടത് വിജയിച്ചത്.