ന്യൂഡൽഹി: ജനങ്ങൾ ബിജെപിയെ വിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ മുന്നണിയുടെ വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒഡിഷയിൽ ചരിത്രം തിരുത്തി കുറിച്ച വിജയമാണ് ബിജെപി നേടിയതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിന് വിജയം സമ്മാനിച്ച എല്ലാ ജനങ്ങൾക്കും അദ്ദേഹം എക്‌സിലൂടെ നന്ദി അറിയിച്ചു.
” ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ തള്ളിക്കളഞ്ഞ് ബിജെപിക്ക് വൻ വിജയം സമ്മാനിച്ച ഒഡിഷയിലെ എല്ലാ ജനങ്ങൾക്കും നന്ദി. ‘വികസിത ഇന്ത്യ, വികസിത ഒഡിഷ’ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ ഇത് സഹായിക്കും. മഹാപ്രഭു ജഗന്നാഥ് ജിയുടെ പുണ്യഭൂമിയെ സേവിക്കാൻ ബിജെപിയെ അനുവദിച്ച ഒഡിഷയിലെ ജനങ്ങളോട് ഞാൻ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.”- അമിത് ഷാ കുറിച്ചു.
ഒഡിഷയുടെ സംസ്‌കാരവും പൈതൃകവും നിലനിർത്താൻ ബിജെപി അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും സംസ്ഥാനത്തെ പുരോഗതിയിലെത്തിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. ഒഡിഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 147 സീറ്റുകളിൽ 78 സീറ്റുകളും സ്വന്തമാക്കാൻ ബിജെപിക്ക് സാധിച്ചു. ഇത് ചെറിയൊരു വിജയമല്ലെന്നും സംസ്ഥാനത്തെ ജനങ്ങൾ ഇനിയാണ് വികസന പ്രവർത്തനങ്ങൾ കാണാൻ പോകുന്നെതന്നും അമിത് ഷാ പറഞ്ഞു.















