തൃശൂർ: ചാരത്തിൽ നിന്ന് ഉയർന്നു പറന്ന ഫീനിക്‌സ് പക്ഷിയെ പോലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പറന്നു പൊങ്ങിയത്. തളർത്താൻ ശ്രമിച്ചവർക്കെതിരെ പൊരുതി നേടിയ വിജയം! ശക്തന്റെ മണ്ണിൽ താമര വിരിയിച്ച സുരേഷ് ഗോപിയുടെ വിജയം ആഘോഷിക്കാനൊരുങ്ങുകയാണ് ബിജെപി പ്രവർത്തകരും. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെത്തുന്ന സുരേഷ് ഗോപിക്ക് വൻ സ്വീകരണം നൽകും.
ഇന്ന് ഉച്ചയോടെയാണ് സുരേഷ് ഗോപി തൃശൂരിലെത്തുന്നത്. 25,000 ബിജെപി പ്രവർത്തകർ അണിനിരന്ന് അദ്ദേഹത്തെ വരവേൽക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കാർ റാലിയായി എത്തിയ ശേഷം തൃശൂർ സ്വരാജ് റൗണ്ടിൽ ഗംഭീര സ്വീകരണം സുരേഷ് ഗോപിക്ക് നൽകും. 7 ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ പ്രകടന റാലിയും ബിജെപി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.
എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികളെ തുടക്കത്തിൽ തന്നെ നിലംപരിശാക്കിയായിരുന്നു സുരേഷ് ഗോപി വോട്ട് നില ഉയർത്തിയത്. 4,09,302 വോട്ടുകൾ സുരേഷ് ഗോപിക്ക് നേടാൻ സാധിച്ചു. 74,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപി, തൃശൂരിൽ വെന്നിക്കൊടി നാട്ടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറിന് 3,34,160 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഒരിക്കൽ പോലും ലീഡ് നില ഉയർത്താൻ സാധിക്കാതെ യുഡിഎഫിന്റെ കെ. മുരളീധരനും സുരേഷ് ഗോപിയുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.















